ഓക്സിജൻ കിട്ടാതെ കിതച്ച് ലിങ്ക് റോഡ് നിർമ്മാണം

Monday 31 May 2021 12:16 AM IST
ലിങ്ക് റോഡിന്റെ ഓലയിൽക്കടവിലേക്കുള്ള ഫ്ളൈ ഓവറിന്റെ പൂർത്തിയായ ഭാഗം

കൊ​ല്ലം: കൊ​വി​ഡ് ര​ണ്ടാം വ്യാ​പ​നം ലി​ങ്ക് റോ​ഡി​ന്റെ മൂ​ന്നാം​ഘ​ട്ട വി​ക​സ​ന​ത്തെ​യും ശ്വാ​സം​മു​ട്ടി​ക്കു​ന്നു. ഓ​ല​യിൽ​ക്ക​ട​വ് വ​രെ നീട്ടു​ന്ന മൂന്നാംഘ​ട്ട​ത്തിൽ ട്രാ​ക്കു​ക​ളു​ടെ നിർ​മ്മാ​ണ​ത്തി​ന് ഇ​രു​മ്പ് മു​റി​ക്കാ​നും ഘ​ടി​പ്പി​ക്കാ​നും ഗ്യാ​സ് ക​ട്ട​റു​കൾ പ്ര​വർ​ത്തി​പ്പി​ക്കാൻ ഓക്സിജൻ കിട്ടാത്ത​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.

കെ.എ​സ്.ആർ.ടി.സി ഡി​പ്പോ​യ്​ക്ക് മു​ന്നിൽ നി​ന്ന് 1.4 കി​ലോ​മീ​റ്റർ നീ​ള​ത്തി​ലാ​ണ് ലി​ങ്ക് റോ​ഡി​ന്റെ മൂ​ന്നാം​ഘ​ട്ട നിർമ്മാ​ണം. ഇതിൽ 1,100 മീ​റ്റർ നീളത്തിൽ ഫ്ളൈ ഓ​വ​റാണ്. ഇ​തി​നു​ള്ള 158 പൈലു​ക​ളു​ടെ​യും പൈൽ കാ​പ്പ്, പി​യർ, പി​യർ ഹെ​ഡ് എന്നിവയുടെയും നിർ​മ്മാ​ണം പൂർ​ത്തി​യാ​യി.

800 മീ​റ്റർ നീ​ള​ത്തിൽ പൈലു​കൾ​ക്ക് മു​ക​ളിൽ ബീ​മു​ക​ളും അ​വ​യ്ക്ക് മുകളിൽ സ്ലാ​ബു​ക​ളും സ്ഥാ​പി​ച്ച് ഗ​താ​ഗ​ത​ത്തി​ന് സ​ജ്ജ​മാ​ക്കിയിട്ടുണ്ട്. ശേഷി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള ബീ​മു​ക​ളു​ടെ​യും സ്ലാ​ബു​ക​ളു​ടെ​യും കോൺക്രീറ്റിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എന്നാൽ ഗ്യാസ് കട്ടർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ ഇവ പൈലുകൾക്ക് മുകളിൽ സ്ഥാപിക്കുന്ന പ്രവൃത്തികൾ മുടങ്ങിയിരിക്കുകയാണ്.

കൊ​വി​ഡ് ര​ണ്ടാം വ്യാ​പ​ന​ത്തിൽ ഓ​ക്‌​സി​ജൻ ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ വ്യ​വ​സാ​യി​ക, നിർ​മ്മാ​ണ ആ​വ​ശ്യ​ങ്ങൾ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഓക്‌സിജൻ സി​ലി​ണ്ട​റു​കൾ കൂ​ട്ട​ത്തോ​ടെ ആ​രോ​ഗ്യവ​കു​പ്പ് ശേ​ഖ​രി​ച്ചിരുന്നു. ഇതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ട ഓക്‌സിജൻ ലഭിക്കാതായത്. ര​ണ്ടാ​ഴ്​ച​യ്​ക്കു​ള്ളിൽ പ്ര​ശ്നത്തിന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

നിലവിലെ പ്രതിസന്ധി

പുറത്തുവ​ച്ച് കോൺക്രീ​റ്റ് ചെ​യ്യു​ന്ന വൻഭാ​ര​മു​ള്ള ബീ​മു​ക​ളും സ്ലാ​ബു​ക​ളും ഇ​രു​മ്പ് ട്രാ​ക്കു​കളിൽ വ​ച്ച് ട്രോ​ളി ഉ​പ​യോ​ഗി​ച്ച് ത​ള്ളി മുകളിലെത്തിച്ചാ​ണ് പൈലുകൾക്ക് മുകളിലുള്ള പിയർ ഹെഡിൽ സ്ഥാപിക്കുന്നത്. ഓ​രോ ബീ​മും സ്ലാ​ബും സ്ഥാ​പി​ക്കാൻ ട്രാക്കിന്റെ അ​ള​വിൽ മാ​റ്റം വ​രു​ത്തേ​ണ്ടിവ​രും. ഇ​രു​മ്പു​കൊ​ണ്ടു​ള്ള ട്രാക്കു​കൾ ഗ്യാ​സ് ക​ട്ടർ ഉ​പ​യോ​ഗി​ച്ചാ​ണ് മു​റി​ക്കു​ക​യും ഘടിപ്പിക്കു​ക​യും ചെ​യ്യു​ന്ന​ത്.

ക​ര​യ്‌​ക്കെ​ത്താൻ നാല് മാസം

ലിങ്ക് റോഡിന്റെ മൂന്നാംഘട്ടത്തിൽ ശേ​ഷി​ക്കു​ന്ന നിർ​മ്മാ​ണ പ്ര​വർ​ത്ത​ന​ങ്ങൾ നാല് മാസത്തിനകം പൂർ​ത്തി​യാ​ക്കാൻ ക​ഴി​യു​മെ​ന്നാ​ണ് പ്രതീക്ഷ. നി​ല​വിൽ 80 ശത​മാ​നം പൂർ​ത്തി​യാ​യിട്ടുണ്ട്.

ലി​ങ്ക് റോ​ഡ് മൂ​ന്നാം​ഘ​ട്ടം

നീ​ളം: 1.4 കി. മീ

ഫ്ളൈ ഓ​വർ നീ​ളം: 1100 മീ​റ്റർ

നിർ​മ്മാ​ണ ചെ​ല​വ്: 103കോ​ടി

പൂർ​ത്തി​യാ​യ​ത്: 80 ശ​ത​മാ​നം

തോ​പ്പിൽ ക​ട​വി​ലേ​ക്ക്; ടെ​ണ്ടർ ഉ​ടൻ

ലി​ങ്ക് റോ​ഡ് ഓ​ല​യിൽ​ക്ക​ട​വിൽ നി​ന്ന് തോ​പ്പിൽ ക​ട​വി​ലേ​ക്ക് നീ​ട്ടു​ന്ന നാ​ലാം​ഘ​ട്ട വി​ക​സ​ന​ത്തി​ന്റെ രൂ​പ​രേ​ഖ കി​ഫ്​ബി​യു​ടെ പരിഗണനയിലാണ്. വൈ​കാ​തെ പ​ദ്ധ​തി​ക്ക് കി​ഫ്​ബി അം​ഗീ​കാ​രം ല​ഭ്യ​മാ​ക്കി മൂ​ന്ന് മാ​സ​ത്തി​നു​ള്ളിൽ ടെ​ണ്ടർ ന​ട​പ​ടി ആ​രം​ഭി​ക്കാൻ കഴിയുമെന്നാ​ണ് പ്ര​തീ​ക്ഷ. നാ​ലാം​ഘ​ട്ട വി​ക​സ​ന​ത്തി​ന് കി​ഫ്​ബി​യിൽ നി​ന്ന് 150 കോ​ടി രൂ​പ 2017-​18ലെ ബ​ഡ്ജ​റ്റിൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പെ​രു​മൺ പാ​ലം നിർ​മ്മാ​ണ​വും നി​ല​ച്ചു

ഓ​ക്‌​സി​ജൻ ക്ഷാ​മം കാ​ര​ണം പെ​രു​മൺ - പേ​ഴും​തു​രു​ത്ത് പാ​ല​ത്തി​ന്റെ നിർ​മ്മാ​ണ​വും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ദ്രുത​ഗ​തി​യിൽ പൈ​ലിം​ഗ് നടന്നു​വ​രി​ക​യാ​യി​രു​ന്നു. പൈ​ലിം​ഗി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങൾ മു​റി​ക്കാ​നും ഘ​ടി​പ്പി​ക്കാ​നും ഗ്യാ​സ് ക​ട്ട​റു​കൾ പ്ര​വർ​ത്തി​പ്പി​ക്കാൻ ക​ഴി​യാ​ത്ത​താ​ണ് ഇവിടെയും പ്ര​ശ്നമായത്.

Advertisement
Advertisement