ഇന്നു മുതൽ വ്യാപക മഴ: കാലവർഷം 3ന് എത്തും

Monday 31 May 2021 3:57 AM IST

ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കാലവർഷം ജൂൺ മൂന്നിന് കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലപ്പോൾ രണ്ടിന് തന്നെയെത്തിയേക്കാമെന്നും സൂചനയുണ്ട്. ഇന്ന് മുതൽ തെക്ക് പടിഞ്ഞാറൻ കാറ്റ് കൂടുതൽ ശക്തമാകും. ഇതിന്റെ ഭാഗമായി കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

ഇന്ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.തെക്കൻ തമിഴ്‌നാട് തീരത്ത് 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. അടുത്തിടെ രണ്ട് ചുഴലിക്കാറ്റുകളുണ്ടായ സാഹചര്യത്തിൽ കാലവർഷം ഇന്ന് എത്തുമെന്നായിരുന്നു നേരത്തേ പ്രവചിച്ചിരുന്നത്.എന്നാൽ ഒടുവിലത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്ന് മുതൽ നാല് ദിവസം വരെ ഇതിൽ മാറ്റം വന്നേക്കാം