ലൈഫ് മിഷൻ വിവാദം പിടിച്ചുലച്ചു ; വിടവാങ്ങൽ കുറിപ്പിൽ യു. വി ജോസ്

Monday 31 May 2021 4:16 AM IST

തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദം ഔദ്യോഗിക ജീവിതത്തെ പിടിച്ചു കുലുക്കിയെന്നും വേദനയോടെയാണ് പടിയിറക്കമെന്നും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസിന്റെ ഫേസ്ബുക്ക് പോസ്റ്ര്. തെളിവെടുപ്പും മാദ്ധ്യമ വേട്ടയും മാനസിക സംഘർഷം ഉണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ

2018 നവംബറിൽ കളക്ടറുടെ കാലാവധി തീരാറായപ്പോൾ തിരുവനന്തപുരത്തേക്ക് വിളി വന്നു. ജോയിന്റ് ലാൻഡ് റവന്യൂ കമ്മിഷണർ തസ്തിക. ഒപ്പം ഞാൻ ആഗ്രഹിച്ച ലൈഫ് മിഷൻ സി.ഇ.ഒ പോസ്റ്റും. ലൈഫ് മിഷനിൽ ആയിരുന്നു ശ്രദ്ധയും താത്പര്യവും. ഒരു വർഷം കൊണ്ട് സർക്കാരിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നായി പ്രതീക്ഷയ്‌ക്കപ്പുറം ലൈഫ് മിഷനെ വളർത്തി. രണ്ട് ലക്ഷം വീടുകളുടെ പൂർത്തീകരണം ഏറ്റവും ശ്രദ്ധേയമായ പരിപാടിയായി.

എന്നാൽ അവിടുന്നങ്ങോട്ട് എന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ ദൗർഭാഗ്യകരമായ

സംഭവങ്ങളാണ് നടന്നത്. റെഡ് ക്രസന്റുമായുള്ള എം.ഒ.യു ഒപ്പിടലും അതിന്റെ മറവിൽ ചിലർ നടത്തിയ ഇടപാടുകളുമൊക്കെ ഇന്ന് കോടതിയുടെ പരിഗണയിലാണ് ...ലൈഫ് മിഷൻ സി.ഇ.ഒ എന്ന നിലയിൽ അന്വേഷണ ഏജൻസികളുടെ തെളിവെടുപ്പും മാദ്ധ്യമങ്ങളുടെ ആക്രമണവും ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘർഷമുണ്ടാക്കി. ആദ്യം പതറിയെങ്കിലും ഒരു തെറ്റും ചെയ്യാത്തതിനാൽ, അപ്രതീക്ഷിത വെല്ലുവിളി നേരിടാനുള്ള മനഃശക്തി വീണ്ടെടുത്തു മുമ്പോട്ടു പോവുകയാണ് ഞാനിപ്പോൾ. ഇതിനിടയിൽ പി.ആർ.ഡി ഡയറക്ടർ ആയിരുന്നു ഒരു വർഷം. ആറ് മാസമായി എൽ.എസ്.ജി.ഡിയിൽ അഡിഷണൽ /സ്പെഷ്യൽ സെക്രട്ടറിയായി സെക്രട്ടേറിയറ്റ് ജോലിയുടെയും രുചി അറിയാനായി ...

തിരിഞ്ഞു നോക്കുമ്പോൾ ആത്മസംതൃപ്തിയുണ്ട്. ഏറ്റെടുത്ത എല്ലാ ജോലിയിലും കൈയൊപ്പു ചാർത്താൻ കഴിഞ്ഞെന്ന് വിശ്വസിക്കുന്നു. ജനങ്ങൾക്ക് എപ്പോഴും പ്രാപ്യനാകാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രദ്ധിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ ജോലിയിൽ നിന്ന് വിരമിക്കുന്നത്...

Advertisement
Advertisement