കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം ഉടൻ പിൻവലിക്കണം: ബിനോയ് വിശ്വം

Monday 31 May 2021 4:35 AM IST

തിരുവനന്തപുരം: ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അയൽരാജ്യങ്ങളിൽ നിന്ന് വന്നു താമസിക്കുന്നവർക്ക് പൗരത്വം നല്കുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം തികച്ചും വിവേചനപരവും പൊതുവികാരം മാനിക്കാതെയുള്ളതുമാണെന്നും ബിനോയ് വിശ്വം എം.പി ആവശ്യപ്പെട്ടു. ഇത് ഉടൻ പിൻവലിക്കണം.പ്രത്യേക മതവിഭാഗത്തോടുള്ള കേന്ദ്ര സർക്കാരിന്റെ വിരോധം വിജ്ഞാപനത്തിലൂടെ പ്രകടമാവുകയാണ്. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തോടുള്ള വിവേചനവും കേന്ദ്ര സർക്കാരിന്റെ ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി പൗരത്വഭേദഗതി നിയമം പാസാക്കുന്ന ഘട്ടത്തിൽതന്നെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നതാണ്.
ഈ പ്രതിസന്ധി ഘട്ടത്തിൽ കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനും അതുമായി ബന്ധപ്പെട്ട നടപടികൾ ചെയ്യുന്നതിനുമുള്ള നിർദ്ദേശങ്ങൾ മാത്രമേ സംസ്ഥാന ജില്ലാ ഭരണാധികാരികൾക്ക് നല്കാവൂ. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം ജില്ലാ അധികൃതർക്ക് അവരുടെ ശ്രദ്ധ പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നതിലും മറ്റ് നടപടികൾക്കും വേണ്ടി മാറ്റേണ്ടിവരും.

Advertisement
Advertisement