ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്നാരംഭിക്കും

Tuesday 01 June 2021 12:24 AM IST

പാലക്കാട്: കൊവിഡ് ആശങ്കകൾക്കിടയിലും ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് ഇന്ന് തുടക്കം. ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിലാണ് മൂല്യനിർണയം നടക്കുന്നത്. മേയ് ആദ്യവാരം നടക്കേണ്ടിയിരുന്ന മൂല്യനിർണയമാണ് കൊവിഡ് പ്രതിസന്ധി കാരണം നീട്ടിവച്ചത്. ഇന്നുമുതൽ 18 വരെയാണ് മൂല്യനിർണയ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിൽ 900 അദ്ധ്യാപകരെയാണ് നിയോഗിച്ചിട്ടുള്ളത്.

പാലക്കാട് മോയൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, പാലക്കാട് ബിഗ്ബസാർ സ്‌കൂൾ, പാലക്കാട് ബി.ഇ.എം സ്‌കൂൾ, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വാടാനാംകുറുശ്ശി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. ഈ സ്‌കൂളുകൾ അണുവക്തമാക്കി, ഇരിപ്പിടങ്ങൾ കൂടുതൽ അകലത്തിൽ ക്രമീകരിച്ച് ക്ലാസ് മുറികൾ സജ്ജമാക്കിയതായി അധികൃതർ പറഞ്ഞു. ക്ലാസ് മുറികളുടെ വലിപ്പത്തിനനുസരിച്ച് 10 - 15 അദ്ധ്യാപകരാണ് ഓരോ മുറിയിലുമുണ്ടാവുക. ഹയർ സെക്കൻഡറി വിഭാഗത്തിൽ 31,352 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.


 എസ്.എസ്.എൽ.സി മൂല്യനിർണയം ഏഴുമുതൽ

ഏഴ് മുതൽ എസ്.എസ്.എൽ.സിയുടെയും മൂല്യനിർണയം തുടങ്ങും. മൂല്യനിർണയത്തിനുള്ള അദ്ധ്യാപകരുടെ പട്ടിക അതാത് സ്‌കൂളുകൾക്ക് കൈമാറിയതായി അധികൃതർ പറഞ്ഞു. പാലക്കാട് മോയൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, പാലക്കാട് പി.എം.ജി സ്‌കൂൾ, ആലത്തൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, പട്ടാമ്പി ജി.എച്ച്.എസ്.എസ്, ചെർപ്പുളശേരി ജി.വി.എച്ച്.എസ്.എസ്, ജി.വി.ജി.എച്ച്.എസ്.എസ് ചിറ്റൂർ എന്നിവിടങ്ങളിലാണ് എസ്.എസ്.എൽ.സി മൂല്യനിർണയം നടക്കുക. ഏഴ് മുതൽ 25 വരെയാണ് മൂല്യനിർണയം.

ജില്ലയിൽ 38,985 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 19,997 ആൺകുട്ടികളും 18,988 പെൺകുട്ടികളുമുണ്ട്. കൂടാതെ 323 ടെക്‌നിക്കൽ ഹൈസ്‌കൂൾ വിദ്യാർത്ഥികളും 13 സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളും പരീക്ഷയെഴുതി. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് പാലക്കാട് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്, 904 പേർ. കുറവ് ഷൊർണൂർ ഗണേഷ്ഗിരി ഗവ. ഹൈസ്‌കൂളിലും 13 പേർ.

Advertisement
Advertisement