വീട് പാഠശാലയാക്കി 38 ലക്ഷം കുട്ടികൾ,​ ആരമവമില്ലാതെ ഇന്ന് വീണ്ടും മണിമുഴക്കം

Monday 31 May 2021 11:37 PM IST

തിരുവനന്തപുരം: കലപിലയും കൂട്ടച്ചിരിയും ചിണുങ്ങലുമില്ലാതെ വീട് പാഠശാലയാക്കി ഒരു അദ്ധ്യയനവർഷത്തിനുകൂടി ഇന്ന് തുടക്കം. കൊവിഡ് ഭീതിയിൽ വീടുകൾ ക്ളാസ് മുറികളാകുന്നതോടൊപ്പം പ്രവേശനോത്സവവും ഓൺലൈനിലാണ് നടക്കുക. മൂന്നു ലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ളാസിൽ ഓൺലൈൻ വഴി ചേർന്നത്. പ്രവേശന നടപടികൾ പൂർണമാകാത്തതിനാൽ കുട്ടികളുടെ എണ്ണം ഇനിയും കൂടും. കഴിഞ്ഞ വർഷം മൂന്നര ലക്ഷം കുട്ടികളായിരുന്നു ഒന്നാം ക്ളാസിൽ. ഒന്നു മുതൽ 10 വരെ 38 ലക്ഷം കുട്ടികളാണ് പുതിയ അദ്ധ്യയന വർഷത്തിന്റെ കൂട്ടുകാരാകുന്നത്. ഒരു വർഷത്തിലധികമായി വീടുകളിലിരുന്ന് പഠിക്കുന്ന കുട്ടികൾ സ്കൂൾമുറ്റം കാണാതെ, കൂട്ടുകാരില്ലാതെ കളിയും ചിരിയുമില്ലാതെ, അദ്ധ്യാപകരെ നേരിട്ട് കാണാതെ, പുത്തൻ പഠനത്തിലേക്ക് കടക്കുന്നു. പുത്തൻ യൂണിഫോമും പുതിയ ബാഗും പുതിയ കുടയുമായി ജൂൺ ഒന്നിന് സ്കൂളിന്റെ പടികയറുന്ന ആഹ്ളാദം ഇക്കുറിയും നഷ്ടമാവുകയാണ്.

കോളേജ് ക്ളാസുകളും ഓൺലൈനിലൂടെ ഇന്ന് തുടങ്ങും.

ആശംസകളുമായി താരങ്ങൾ

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 8.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിർവഹിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണി രാജു തുടങ്ങിയവർ പങ്കെടുക്കും.

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാര്യർ തുടങ്ങിയവർ വിക്ടേഴ്സ് ചാനലിലൂടെ ആശംസകൾ നേരും.
രാവിലെ 11 മുതൽ യു.എൻ ദുരന്ത നിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. ഉച്ചയ്ക്ക് 2 ന് ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.

.

Advertisement
Advertisement