അരിതയ്ക്കില്ല ലോക്ക്ഡൗൺ, അരുമകൾ അരികിലുണ്ട്

Monday 31 May 2021 11:43 PM IST

കായംകുളം: തിരഞ്ഞെടുപ്പിലെ തോൽവി അരി​തയെ വീട്ടിലിരുത്തിയില്ല; ഒട്ടും തളർത്തിയതുമി​ല്ല. അരുമകളായ ഗോക്കളെ മേയ്ച്ചും ചി​രി​ച്ചും പ്രശ്നങ്ങളിൽ ഇടപെട്ടും പുതുപ്പള്ളി​ ഗ്രാമത്തി​ന്റെ വഴി​കളി​ൽ ഈ 27കാരിയെ കാണാം. പാൽക്കാരി എന്ന വിശേഷണം ഒട്ടും അഭിമാനക്കുറവില്ലാതെ ആസ്വദിക്കും അരിത.

പുതുപ്പള്ളി ഗോവിന്ദമുട്ടത്തെ അജേഷ് നിവാസിൽ അരിതബാബുവിന്റെ ഓരോ ദിവസവും ആരംഭിക്കുന്നതുതന്നെ പശുപരിപാലനത്തോടെയാണ്. എഴുന്നേറ്റപാടെ തൊഴുത്തിലേക്ക്. അഞ്ചു പശുക്കളുണ്ട്. ചാണകം വാരി വൃത്തിയാക്കി കുളിപ്പിച്ച് കറവയ്ക്ക് സജ്ജമാക്കണം. പാൽ ഗോവിന്ദമുട്ടം ക്ഷീരോത്പാദക സംഘത്തിൽ രാവിലെയും വൈകിട്ടും എത്തിക്കുന്നത് അരിതയാണ്. രണ്ട് നേരവുമായി 12 ലിറ്റർ പാലളക്കും. ബാക്കി കുപ്പികളിലാക്കി സ്കൂട്ടറിൽ സമീപത്തെ വീടുകളിലെത്തിക്കും. ഇടയ്ക്ക് അച്ഛനൊപ്പം പുല്ലരിയാനും പോകണം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സ്റ്റാർ സ്ഥാനാർത്ഥികളിലൊരാളായിരുന്നെങ്കിലും കായംകുളം മണ്ഡലത്തിൽ എൽ.ഡി.എഫിലെ യു. പ്രതിഭയോട് 6298 വോട്ടുകൾക്ക് അരിതാബാബു പരാജയപ്പെട്ടു.യു.ഡി.എഫിന്റെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയെന്ന നിലയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ പ്രചാരണത്തിനെത്തിയെങ്കിലും, എൽ.ഡി.എഫ് തരംഗം തന്റെ പരാജയത്തിനും കാരണമായെന്നാണ് അരിതയുടെ വിലയിരുത്തൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ അരിതയോട് വിവാഹക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: 'ലോക്ക്ഡൗൺ കാലം കഴിഞ്ഞശേഷം ചിന്തിക്കും".

ആരിഫിന്റെ പരാമർശം

'പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ലെന്നാ"യിരുന്നു ഒരു യോഗത്തിൽ അരിതയുടെ സ്ഥാനാർത്ഥിത്വത്തെപ്പറ്റി എ.എം.ആരിഫ് എം.പി പ്രസംഗിച്ചത്. അച്ഛൻ തുളസീധരനും അമ്മ ആനന്ദവല്ലിക്കുമൊപ്പം വർഷങ്ങളായി പശുക്കളെ ആശ്രയിച്ച് ജീവിതം തള്ളിനീക്കുന്ന അരിതയെ ഇത് ഒത്തിരി വേദനിപ്പിച്ചു. താൻ മാത്രമല്ല അദ്ധ്വാനിച്ച് ജീവിയ്ക്കുന്ന മുഴുവൻ ക്ഷീര കർഷകരും അപമാനിക്കപ്പെട്ടതിലാണ് വേദനയെന്നാണ് അന്ന് അരിത പ്രതികരിച്ചത്.

കണ്ണനു മുന്നിൽ

അതിരാവിലെ ഗോക്കളുടെ പരിപാലനം കഴിഞ്ഞാൽ കുളിച്ച് ഈറനോടെ മുടിയിൽ തുളസിക്കതിർ ചൂടി ഇഷ്ടദേവനായ കൃഷ്ണന്റെ മുന്നിൽ കണ്ണടച്ച് വിഷ്ണുസഹസ്രനാമം മുഴുവൻ ചൊല്ലിക്കഴിഞ്ഞശേഷമാണ് അരിത വീടിനു വെളിയിലേക്കിറങ്ങുക. പിന്നെ, ജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്കൊപ്പം ഉണ്ടാകും. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തംഗമായിരുന്നു. ഗ്രാമനൈർമല്യവുമായി സംസ്ഥാന രാഷ്ടീയത്തിലേക്ക് എത്തിയ അരിത ബി.കോം ബിരുദധാരിയാണ്. മൂത്ത സഹോദരൻ അരുൺ മാർക്കറ്റിംഗ് ഫീൽഡിലാണ്.

Advertisement
Advertisement