പ്രതിഷേധങ്ങൾക്കിടെ കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാൻ നീക്കം; നിർമ്മാണം പൂർത്തിയാക്കിയിട്ട് മതി പിരിവെന്ന് നാട്ടുകാർ, പ്രദേശത്ത് സംഘർഷം

Tuesday 01 June 2021 8:29 AM IST

കൊല്ലം: നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങൾക്കിടെ കൊല്ലം ബൈപാസില്‍ ടോൾ പിരിവ് നടത്താൻ നീക്കം. നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയും സര്‍വീസ് റോഡുകള്‍ പണിയാതെയും ടോള്‍ പിരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് കൊല്ലം കോർപ്പറേഷനും നാട്ടുകാരും പറയുന്നത്. 25 മുതൽ 150 രൂപ വരെയാണ് വിവിധ വാഹനങ്ങൾക്ക് ഈടാക്കുന്ന നിരക്ക്. ടോൾ പിരിക്കാനുളള കേന്ദ്രസർക്കാർ നടപടിക്കെതിരെ ഡി വൈ എഫ് ഐ ഉൾപ്പടെയുളള സംഘടനകൾ പ്രദേശത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയാണ്. പ്രതിഷേധക്കാർ ടോൾ പിരിക്കുന്ന ജീവനക്കാരെ തടയാൻ ശ്രമിച്ചു.

പതിമൂന്ന് കിലോമീറ്റര്‍ നീളമുള്ള കൊല്ലം ബൈപാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ പ്രാദേശിക എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ആദ്യം പിന്മാറി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നിര്‍മ്മാണ നടത്തിയ പദ്ധതിക്ക് 352 കോടിരൂപയാണ് ചിലവായത്. ഇതില്‍ നിന്നും 176 കോടി പിരിച്ചെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം.

ടോള്‍ പിരിക്കുന്നതിന്‍റെ ചുമതല യു പി യില്‍ നിന്നുള്ള ഒരുകമ്പനിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ടോള്‍ പിരിക്കുന്നത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഒന്നും ലഭിച്ചിട്ടില്ലന്നാണ് കൊല്ലം ജില്ലാ കളക്‌ടര്‍ പറയുന്നത്. എന്നാൽ ടോള്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല മന്ത്രാലയം അയച്ച കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ട്.