ചിറ്റയത്തിന് ജൂൺ 1 ഭാഗ്യദിനം

Wednesday 02 June 2021 1:22 AM IST

അടൂർ : ജൂൺ -1, ചിറ്റയം ഗോപകുമാറിന് ഇൗ ദിവസം അപൂർവ്വ ഭാഗ്യങ്ങളുടെതാണ്. ഇക്കുറി നിയമസഭ ഡെപ്യൂട്ടി സ്പീക്കർ പദവിയാണ് ചിറ്റയത്ത് തേടിയെത്തിയത്. അതും 28-ാം വിവാഹ വാർഷിക ദിനത്തിൽ എന്ന പ്രത്യേകതയുമുണ്ട്.

1993 ജൂൺ ഒന്നിനായിരുന്നു കൊട്ടാരക്കര മൈലം സ്വദേശിനി സി.ഷേർലിബായിയെ ജീവിതസഖിയാക്കിയത്.

2011 ജൂൺ ഒന്നിനാണ് അടൂരിൽ നിന്ന് ആദ്യമായി സി.പി.ഐ ടിക്കറ്റിൽ വിജയിച്ച ചിറ്റയം എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തത്.

ഇക്കുറി ഇതേദിനത്തിൽ എതിരില്ലാതെ ഡെപ്യൂട്ടിസ്പീക്കറുമായി. വിവാഹ ശേഷമാണ് ഒാരോ ഭാഗ്യങ്ങളും കൈവന്നതെന്ന പ്രത്യേകതയും ജീവിതത്തിലുണ്ട്. 95 ലാണ് കൊട്ടാരക്കര പഞ്ചായത്ത് അംഗമാകുന്നത്. ആദ്യതിരഞ്ഞെടുപ്പിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റ് പദവികൂടി ലഭിച്ചത് മറ്റൊരു ഭാഗ്യമായി. തുടർച്ചയായി മൂന്നാം തവണയാണ് ചിറ്റയം അടൂരിനെ പ്രതിനിധീകരിക്കുന്നത്. അടൂർ അസംബ്ളി മണ്ഡലത്തിൽ നിന്ന് വിജയിച്ച ഒരാൾക്ക് ഡെപ്യൂട്ടി സ്പീക്കർ പദവി ലഭിച്ചതും ഇതാദ്യം.

നേരത്തെ അടൂരിനെ പ്രതിനിധീകരിച്ച ജനപ്രതിനിധി എന്ന നിലയിൽ സംസ്ഥാന മന്ത്രിസഭയിൽ രണ്ടുതവണ അംഗമായത് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാത്രമാണ്.

Advertisement
Advertisement