ചരക്കുനീക്കം: റെക്കാഡിട്ട് റെയിൽവേ

Wednesday 02 June 2021 12:00 AM IST

ന്യൂഡൽഹി: കൊവിഡ് വെല്ലുവിളികൾക്കിടയിലും ചരക്ക് നീക്കവുമായി ബന്ധപ്പെട്ട വരുമാനത്തിലും ലോഡിംഗിലും മികച്ച നേട്ടവുമായി ഇന്ത്യൻ റെയിൽവേ. മേയ് മാസത്തിൽ എക്കാലത്തെയും ഉയർന്ന ചരക്ക് നീക്കമാണ് നടത്തിയതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. 14.8 മെട്രിക് ടൺ ആണ് ഈ മാസത്തെ റെയിൽവേയുടെ മൊത്തം ചരക്ക് കടത്ത്. 2019 മേയ് മാസത്തേക്കാൾ 9.7% കൂടുതലാണ് ഇത്. ഇതോടെ ഈ മാസം 11,604.94 കോടി രൂപ വരുമാനമാണ് റെയിൽവേ നേടിയത്. 2021-22 സാമ്പത്തിക വർഷത്തിൽ റെയിൽവേയുടെ മൊത്തം ചരക്ക് കടത്ത് 203.88 ദശലക്ഷം മെട്രിക് ടൺ ആണ്. കഴിഞ്ഞ വർഷം ഇത് 184.88 മെട്രിക് ടൺ ആയിരുന്നു. ഈ വർഷം ഇതുവരെയും മികച്ച നേട്ടം സ്വന്തമാക്കാനായതായി റെയിൽവേ നേരത്തേ വ്യക്തമാക്കിയിരുന്നു. ചരക്ക് നീക്കത്തെ വളരെ ആകർഷകമാക്കുന്നതിന് ഇന്ത്യൻ റെയിൽ‌വേയിൽ നിരവധി ഇളവുകളും പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്. കഴിഞ്ഞ 18 മാസത്തിനിടയിൽ ചരക്ക് വേഗത ഇരട്ടിയായി. ഇത് എല്ലാ ഗുണഭോക്താക്കളുടേയും ചെലവ് ലാഭിക്കാൻ സഹായിച്ചു. റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Advertisement
Advertisement