താഴാതെ ടി.പി.ആർ ഉയരുന്നു ആശങ്ക

Wednesday 02 June 2021 1:30 AM IST

പാലക്കാട്: ലോക്ക് ഡൗൺ ആഴ്ചകൾ പിന്നിട്ടിട്ടും ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) കുറയാത്തത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. വരും ദിവസങ്ങളിലും വ്യാപനതോത് ഇതേ രീതിയിൽ തുടർന്നാൽ വീടുകളിൽ ഉൾപ്പെടെ കടുത്ത പ്രതിരോധനടപടികൾ വേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ സമ്പർക്ക വ്യാപനവും നിയന്ത്രണവിധേയമായിട്ടില്ല. ഒരാഴ്ചക്കിടെ മാത്രം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 9384 ആണ്. ഇതുകൂടാതെ രോഗമുക്തി നിരക്കും മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണെന്നതും അധികൃതർക്ക് തലവേദനയാകുന്നുണ്ട്. ലോക്ക് ഡൗൺ കാലയളവിൽ ഉറവിടം അറിയാത്ത കേസുകളുടെ എണ്ണത്തിൽ കുറഞ്ഞുവെന്നത് മാത്രമാണ് ആരോഗ്യവകുപ്പിന് ആശ്വാസം നൽകുന്നത്. ഒരാഴ്ചക്കിടെ കൊവിഡ് ബാധിച്ചവരിൽ ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം 6135.

 ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു

സമ്പർക്ക വ്യാപനം കൂടിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജില്ലയിലെ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കുറയ്ക്കുന്നതിനായി വീടുകളിൽ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത രോഗബാധിതർക്കായി കരുതൽ വാസകേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കി. 20 കരുതൽ വാസകേന്ദ്രങ്ങളാണ് നേരത്തെ ജില്ലയിലുണ്ടായിരുന്നത്. പുതുതായി 21 കേന്ദ്രങ്ങളും ആരംഭിച്ചതോടെ ആകെ എണ്ണം 41ആയി. ഇതിനുപുറമേ മറ്റ് സർക്കാർ ആശുപത്രികളിലും കിടത്തിചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ട്. വീടുകളിൽ താമസിക്കാൻ സൗകര്യമില്ലാത്തതും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരെയുമാണ് ഡി.സി.സികളിൽ പ്രവേശിപ്പിക്കുന്നത്.

41 കരുതൽവാസ കേന്ദ്രങ്ങളിലായി ആകെ 3011 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവിടെ 1042 പേർ ചികിത്സയിലുണ്ട്. സർക്കാർ ആശുപത്രികൾക്കു പുറമേ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി പ്രകാരം എം പാനൽ ചെയ്യപ്പെട്ട ജില്ലയിലെ 18 സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സയ്ക്കായി കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കൊവിഡ് വ്യാപനം കൂടുതലുള്ള മേഖലകളിൽ സാമ്പിൾ പരിശോധന നടത്തും. പരിശോധന വർദ്ധിപ്പിച്ച് യഥാസമയം കൊവിഡ് ബാധിതരെ കണ്ടെത്തി വ്യാപനം തടയുകയാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം.

 രോഗവ്യാപനം തടയാം

1. കൂടുതൽ അംഗങ്ങളുള്ള വീടുകളിലും നിരീക്ഷണത്തിലിരിക്കാൻ സൗകര്യമില്ലാത്ത വീടുകളിലും കൊവിഡ് ബാധിതരുണ്ടെങ്കിൽ അവർ സമീപത്തെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറണം

2. വീടുകളിലും കൊവിഡ് സുരക്ഷാമാനദണ്ഡം കർശനമായി പാലിക്കണം

3. കൊവിസ് നിർദ്ദേശങ്ങളെ സംബന്ധിച്ച് മൈക്ക് അനൗൺസ്മെന്റ് നടത്താൻ ആരോഗ്യവകുപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

4. വീടുകളിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കൽ, ടി.വി കാണൽ, അടുത്തിരുന്ന് സംസാരിക്കൽ എന്നിവ നിയന്ത്രിക്കണം

5. കൊവിഡ് ബാധിതരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ കൊവിഡ് ടെസ്റ്റിനു വിധേയരാകണം

Advertisement
Advertisement