ഇ- ക്ലാസിൽ ഫസ്റ്റ് ബെൽ

Wednesday 02 June 2021 1:33 AM IST

കൊച്ചി: രാവിലെ 10.30..ഓൺലൈനായി ഇക്കുറി ഫസ്റ്റ് ബെല്ല് മുഴങ്ങി. സ്‌കൂൾ യൂണിഫോം ഇട്ട് കുട്ടികൾ ഫോണിനും ലാപ്‌ടോപ്പിനും മുന്നിൽ റെഡി. പ്രവേശന ഗാനത്തോടെ പുതിയൊരു അദ്ധ്യയന വർഷത്തിന് തുടക്കം.
മധുരവിതരണവും ഓൺലൈൻ സന്ദേശങ്ങളുമായി ഇക്കുറി വീടുകളിൽ തന്നെയായിരുന്നു കുട്ടികളുടെ പ്രവേശനോത്സവം.10.30 ഓടെ ചടങ്ങുകൾ പൂർത്തിയാക്കി അതത് ക്ലാസ് ടീച്ചർമാർ കുട്ടികളെ ക്ലാസ് ഗ്രൂപ്പുകളിൽ എന്റെർ ചെയ്തു. സ്‌കൂൾ പി.ടി.എകൾ മുഖാന്തരം കുട്ടികൾക്കൊപ്പം രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കിയായിരുന്നു ക്ലാസുകൾ തുടങ്ങിയത്. ക്ലാസ് അദ്ധ്യാപകർ എല്ലാ കുട്ടികളെയും ഫോണിൽ ബന്ധപ്പെട്ടു. പുതുതായി സ്‌കൂളുകളിലേക്കെത്തുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ വീടുകളിൽ മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം പി.ടി.എ, വാർഡ് ജാഗ്രത സമിതികൾ മുഖേന എത്തിച്ചിരുന്നു. അങ്കണവാടികുട്ടികൾക്കുള്ള 'കിളിക്കൊഞ്ചൽ ക്ലാസുകളും ഇന്നലെ ആരംഭിച്ചു.

ഒന്നാം ക്ലാസിൽ 17,674 പേർ
ഇക്കുറി ജില്ലയിൽ ഒന്നാം ക്ലാസിൽ 17,674 പേർ ഓൺലൈനായി പ്രവേശനം നേടി. സ്‌കൂളുകളിൽ നേരിട്ടെത്തി പ്രവേശനം നേടുന്നവരുടെ എണ്ണം പുറമേയുണ്ടാകും. ലോക്ക്ഡൗൺ ഒമ്പതാം തീയതി വരെ തുടരുന്നതിനാൽ അതിനു ശേഷവും കുട്ടികൾ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഡി.ഡി.ഇ ഹണി ജി. അലക്‌സാണ്ടർ പറഞ്ഞു.

ഓൺലൈൻ സൗകര്യമില്ലാതെ
2000 ത്തോളം കുട്ടികൾ

ജില്ലയിൽ ഓൺലൈൻ സൗകര്യമില്ലാത്ത രണ്ടായിരത്തോളം കുട്ടികളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്.

Advertisement
Advertisement