മുന്നണിമാറ്റ ആവശ്യമുയർത്തി ആർ.എസ്.പി നേതൃയോഗം

Wednesday 02 June 2021 4:43 AM IST

തൽക്കാലം ആലോചനയിലില്ലെന്ന് നേതൃത്വം₹ ആഗസ്റ്റ് 9ന് കൊല്ലത്ത് വിശാല നേതൃയോഗം

തിരുവനന്തപുരം: തുടർച്ചയായ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടികളുടെ പശ്ചാത്തലത്തിൽ മുന്നണി മാറണമെന്ന ആവശ്യം ആർ.എസ്.പിയിൽ ശക്തമാവുന്നു. യു.ഡി.എഫിൽ തുടരുന്നത് നഷ്ടക്കച്ചവടമാണെന്ന വികാരമാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ബഹുഭൂരിപക്ഷവും പങ്കിട്ടത്.

മുന്നണിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെ വിട്ടുപോകുന്നത് ന്യായമല്ലെന്ന അഭിപ്രായവുമുണ്ടായി. മുന്നണി നേതൃത്വം പരാജയമായിരുന്നുവെന്ന ശക്തമായ വിമർശനമാണ് ഏറെക്കുറെ എല്ലാവരുമുയർത്തിയത്. ഭൂരിപക്ഷ വികാരം മാനിച്ച്, വിശദ ചർച്ചയ്ക്കായി ആഗസ്റ്റ് 9ന് 500 പേർ പങ്കെടുക്കുന്ന നേതൃയോഗം കൊല്ലത്ത് വിളിച്ചുചേർക്കും. യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ്, പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ക്രിയാത്മകമാകുന്നുണ്ടോയെന്ന് നിരീക്ഷിക്കും. അല്ലെങ്കിൽ കടുത്ത തീരുമാനത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന സൂചനയാണ് പാർട്ടിവൃത്തങ്ങൾ നൽകുന്നത്.

മുന്നണി മാറ്റമടക്കമുള്ള വിഷയങ്ങളിൽ ഉചിത സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് വാർത്താലേഖകരോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ മുന്നണി മാറുന്നത് ആലോചനയിലില്ല. കോൺഗ്രസിന്റെ സമീപനത്തിൽ ആത്മാർത്ഥതയില്ലെന്ന വിമർശനമാണ് യോഗത്തിൽ പലരും ഉന്നയിച്ചത്. ഇടതുമുന്നണിയിൽ അങ്ങനെയായിരുന്നില്ല. മുന്നണിയുടെ സ്ഥാനാർത്ഥി ആരായാലും കൂട്ടായി പ്രവർത്തിച്ച് വിജയിപ്പിക്കാനുള്ള ശ്രമമാണവിടെ ഉണ്ടാകാറെന്നും ചിലർ ചൂണ്ടിക്കാട്ടി.

കൊല്ലം നേതൃയോഗത്തിന് മുന്നോടിയായി 21ന് പാർട്ടി സംസ്ഥാന സമിതി ചേരും. മുന്നണി വിടുന്നതിൽ നേതൃത്വത്തിൽ രണ്ടഭിപ്രായമുണ്ടെന്ന സൂചനകളുണ്ട്. മുന്നണി മാറണമെന്ന ആവശ്യം യോഗത്തിലുയർന്നതായി എ.എ. അസീസ് പറഞ്ഞു. .തോൽവിക്ക് കാരണം യു.ഡി.എഫിന്റെ സംഘടനാദൗർബല്യമാണ്.. എൽ.ഡി.എഫിനെ നേരിടാനുള്ള കെട്ടുറപ്പ് യു.ഡി.എഫിനില്ല. യു.ഡി.എഫിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്താൻ കോൺഗ്രസ് മുൻകൈയെടുക്കണം. തുടർച്ചയായി രണ്ടാം തവണയും നിയമസഭയിൽ പ്രാതിനിദ്ധ്യമില്ലാത്തത് പാർട്ടി പ്രവർത്തകരെ നിരാശരാക്കിയിട്ടുണ്ടെന്നും അസീസ് പറഞ്ഞു..തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായും മതമൗലിക ശക്തികളുമായും സി.പി.എം സഖ്യമുണ്ടാക്കിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി കുറ്റപ്പെടുത്തി.

ഷിബു ബേബിജോൺ ഇന്ന് മുതൽ ഒരു മാസക്കാലം ആയുർവ്വേദ ചികിത്സയിലായിരിക്കും. . പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും, കോൺഗ്രസിൽ ഇപ്പോൾ വന്ന മാറ്റത്തെ ചെറുതായി കാണുന്നില്ലെന്നും ഷിബു പറഞ്ഞു.

Advertisement
Advertisement