നിറം മങ്ങി സ്കൂ​ൾ​ ​വി​പ​ണി​ ​

Thursday 03 June 2021 12:59 AM IST

കൊച്ചി: പുത്തനുടുപ്പും വർണക്കുടകളും ബാഗുകളുമായി സജീവമാകുന്ന സ്‌കൂൾ വിപണി ഇത്തവണയും ഉണർന്നില്ല. കൊവിഡ് വിട്ടൊഴിയാത്തതിനാൽ സ്‌കൂളുകൾ ഈ വർഷവും ഓൺലൈനായതാണ് തിരിച്ചടിയായത്. പുതിയതിന് ആവശ്യക്കാരില്ല. കൊവിഡിന്റെ ആദ്യ തരംഗത്തിലുണ്ടായ നഷ്ടം ഇക്കുറി നികത്താമെന്ന പ്രതീക്ഷിയിലായിരുന്നു വ്യാപാരികൾ. സാമ്പത്തികമായി വലിയപ്രതിസന്ധിയിലാണ് ഇക്കൂട്ടർ.

പുസ്തകം മാത്രം

ബുക്ക്, പേന പെൻസിൽ,ബാഗ്, സ്ലേറ്റ്, വാട്ടർബോട്ടിൽ, റെയിൻകോട്ട്. അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പേ ഇങ്ങനെ നീണ്ട ലിസ്റ്റുമായി രക്ഷിതാക്കൾ കടകളിൽ എത്തുന്നത് സ്ഥി​രം കാഴ്ചയാണ്. എന്നാൽ ഇതും ഗൃഹാതുരമായി. കഴിഞ്ഞ രണ്ട് അദ്ധ്യയനവർഷാരംഭവും കടകളെല്ലാം അടഞ്ഞ് കിടപ്പായിരുന്നു. ആകെ വിറ്റുപോയത് പുസ്തകവും പേനയും മാത്രമാണെന്നാണ് വ്യാപാരികൾ പറയുന്നത്. വർഷത്തിൽ ഏറ്റവുമധികം കച്ചവടം നടക്കുന്ന സീസണിലും പഴയ സ്റ്റോക്കുകൾ പൊടിപിടിച്ചുകിടക്കുന്ന അവസ്ഥയാണ് മിക്ക കടകളിലും.

ബാഗുകൾ, വാട്ടർ ബോട്ടിലുകൾ എന്നിവയുടെ സ്റ്റോക്കും ആരും തുടങ്ങിയിട്ടില്ല. കുട്ടികളെ ലക്ഷ്യമാക്കി പുതിയ ഇനങ്ങളൊന്നും വിപണിയിലെത്തിയിട്ടില്ല. ഷൂസ്, കുട, ബാഗ് തുടങ്ങിയവ അതത് വർഷംതന്നെ വിറ്റുപോകണം ഇല്ലെങ്കിൽ കനത്ത നഷ്ടമാണ്. അടച്ചിടലിനെ തുടർന്ന് കടകളിലുള്ള ഉത്പന്നങ്ങൾപോലും വിറ്റഴിക്കാനാകാതെ പ്രയാസപ്പെടുകയാണ് വ്യാപാരികൾ. ഓൺലൈൻ കച്ചവടം വർദ്ധിച്ചതും പതിവുകടകളിലെ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

യൂണിഫോം വിപണി​യും മങ്ങി

മുംബയ്, രാജസ്ഥാൻ, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നാണ് യൂണിഫോം തുണികൾ എത്തുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നൽകുന്ന ഓർഡറനുസരിച്ച് മാർച്ച് അവസാനത്തോടെ സ്റ്റോക്ക് കടകളിലെത്തുന്നതാണ് പതിവ്. കഴിഞ്ഞ വർഷം വ്യാപാരികൾ ഓർഡർ നൽകിയെങ്കിലും ചരക്കുമായി പുറപ്പെട്ട വാഹനങ്ങൾ പലതും ലോക്ക് ഡൗണിൽ കുടുങ്ങി തിരിച്ചുപോയി. യൂണിഫോമുകൾ റെഡിമെയ്ഡായും എത്തിയിട്ടില്ല. ക്ലാസുകൾ ഓൺലൈനായതിനാൽ പുതിയ യൂണിഫോമിനായി ആരും സമീപിക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. സീസണിൽ ലക്ഷങ്ങളുടെ കച്ചവടമാണ് നഷ്ടപ്പെട്ടത്.

രണ്ട് വർഷം മുമ്പ് പ്രതിദിനം അഞ്ച് ലക്ഷത്തോളം രൂപയുടെ കച്ചവടമാണ് നടന്നിരുന്നത്. എന്നാൽ കൊവിഡ് വന്നതോടെ കച്ചവടം കുറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനം കുറവാണ് വില്പന.സന്നദ്ധ പ്രവർത്തകരാണ് നിലവിൽ പുസ്തകങ്ങളും മറ്രും വാങ്ങാൻ എത്തുന്നത്. സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.

പോൾ ബെനഡിക്റ്ര്,വ്യാപാരി,ബ്രോഡ്‌വേ

Advertisement
Advertisement