ഞാൻ വളരെയധികം പ്രയാസപ്പെട്ടു, അതിന്റെ ചെറിയൊരു അംശംപോലും മറ്റാരും അനുഭവിക്കരുത്; വാക്‌സിന്‍ സൗജന്യമാക്കണമെന്ന ആവശ്യവുമായി രോഗ കിടക്കയില്‍ നിന്നും ശശി തരൂർ

Wednesday 02 June 2021 9:36 PM IST

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വാക്സിൻ നയവുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ സന്ദേശം പങ്കുവച്ച് കോൺ​ഗ്രസ് നേതാവ് ശശി തരൂർ എം.പി. കൊവിഡ് ബാധിതനായ ശേഷം സുഖം പ്രാപിച്ചുവരുന്നതിനിടെയാണ് അദ്ദേഹം രണ്ടു മിനിറ്റ് ദെെെർഖ്യമുളള വീഡിയോയുമായി രംഗത്തെത്തിയത്. കൊവിഡിൽ നിന്ന് ഇന്ത്യയെ രക്ഷിക്കണമെന്നും എല്ലാവർക്കും വാക്സിൻ സൗജന്യമാക്കണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

നിങ്ങൾക്ക് കാണാവുന്നതാണ്, ഞാൻ ഇപ്പോഴും കിടക്കയിലാണ്, കൊവിഡ് അണുബാധയുടെ സങ്കീർണതകൾ അനുഭവിക്കുന്നു. ഡിസംബർ അവസാനത്തോടെ എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് നൽകുമെന്ന സർക്കാർ പ്രസ്താവന കണ്ടതുകൊണ്ട് പറയുകയാണ്. വാക്സിനുകളുടെ ലഭ്യത അല്ലെങ്കിൽ അവയുടെ അഭാവത്തിൽ സർക്കാർ എങ്ങനെയാണ് ആ ലക്ഷ്യം കെെവരിക്കാൻ പോകുന്നതെന്ന് ഞാൻ അത്ഭുതപ്പെടുന്നതായും തരൂർ വ്യക്തമാക്കി.

ഡിസംബറിനകം സൗജന്യമായി എല്ലാ ഇന്ത്യക്കാർക്കും വാക്സിൻ നൽകാൻ സർക്കാർ നയത്തിൽ മാറ്റംവരണമെന്ന കോൺഗ്രസിന്റെ പ്രചാരണത്തെ താൻ പിന്തുണയ്ക്കുന്നു. അന്യായമായ വിലയ്ക്ക് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ ആശുപത്രികളും മറ്റുളളവരും വിപണിയില്‍ മത്സരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രം ന്യായമായ വിലയ്ക്ക് വാക്‌സിന്‍ വാങ്ങുകയും ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കുകയുമാണ് വേണ്ടത്. വാക്‌സിനേഷന്‍ സംബന്ധിച്ച് ആദ്യകാലം മുതലുള്ള നയം ഇതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ കൊവിഡിൽനിന്നു രക്ഷിക്കാൻ സൗജന്യമായി വാക്സിൻ നൽകുന്ന നയം നടപ്പാക്കണം. ഞാൻ വളരെയധികം പ്രയാസങ്ങൾ അനുഭവിച്ചു. അതിന്റെ ചെറിയൊരു അംശംപോലും തന്റെ സഹപൗരൻമാർ അനുഭവിക്കരുതെന്ന് ആഗ്രഹിക്കുന്നതായും തരൂർ കൂട്ടിച്ചേർത്തു.

Advertisement
Advertisement