മടങ്ങിയത് 113 ബസുകൾ മാത്രം

Thursday 03 June 2021 12:00 AM IST

കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് കൊണ്ടുപോയി അവിടെ കുടുങ്ങിയ ബസുകളിൽ മടങ്ങിയത് 113 എണ്ണം മാത്രം. ഇതിൽ 83 ബസുകൾ കേരളത്തിലെത്തി. 30 എണ്ണം യാത്രയിലാണ്.

നേരത്തെ ലോക്ക്ഡൗണും യാത്രാനുമതിയുമായിരുന്നു പ്രശ്നമെങ്കിൽ തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ടാക്സ് വർദ്ധിപ്പിച്ചതും വൻ തുക ടോളായി നൽകേണ്ടി വരുന്നതുമാണ് നിലവിലെ പ്രശ്നം. നികുതിയടച്ച ശേഷം മാത്രമാണ് പല സംസ്ഥാനങ്ങളും ബസ് കടത്തിവിടുന്നത്. തമിഴ്‌നാട്ടിൽ മാത്രം 49,000 രൂപയാണ് നികുതി.

ടാക്സ് ഒഴിവാക്കണമെന്ന് സർക്കാർ മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇത് പരിഗണനയിലാണെന്നാണ് അറിയാൻ കഴിഞ്ഞത്. യാത്രക്കാരുമായി തിരികെ വരാൻ കാത്തു കിടക്കുന്ന ബസുകളാണ് അസമിലും ബംഗാളിലുമായി തുടരുന്നതിലേറെയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുങ്ങിയത് 490 ബസുകൾ

സർക്കാർ കണക്കുകൾ പ്രകാരം 490 ബസുകളാണ് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയത്. 113 എണ്ണം മടങ്ങി. 27 ബസുകളിലെ ജീവനക്കാർ മറ്റ് ബസുകളിൽ നാട്ടിലേക്ക് തിരിച്ചു. 208 ബസുകൾ യാത്രക്കാരെ കാത്ത് കിടക്കുകയാണ്. 168 ബസുകൾ മടങ്ങാത്തതിന്റെ കാരണം വ്യക്തമല്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.

സഹായമൊന്നും കിട്ടിയില്ല

ആഹാരവും താമസവുമടക്കം എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ല. 25 ദിവസത്തിലേറെയായി മുഴുവൻ ചെലവുകളും തങ്ങൾ തന്നെയാണ് വഹിക്കുന്നത്. താമസം ബസിലും.

ലിനൂപ്, ബസ് ഡ്രൈവർ, കണ്ണൂർ

Advertisement
Advertisement