വഴിമുട്ടി ചൈനയിൽ നിന്നെത്തിയ എംബിബിഎസ് വിദ്യാർത്ഥികൾ

Thursday 03 June 2021 12:00 AM IST

കൊച്ചി: കൊവിഡ് ഭീതിയിൽ ചൈനയിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ. കോഴ്സ് പൂർത്തിയാക്കാനാകുമോ എന്നാണ് ഇപ്പോഴുള്ള ഇവരുടെ ആശങ്ക. ചൈനയിലേക്ക് മടങ്ങാൻ അനുമതി ലഭിക്കാത്തതാണ് പ്രശ്നം. ഓൺലൈനിൽ ക്ളാസ് നടക്കുന്നുണ്ടെങ്കിലും പ്രാക്ടിക്കൽ ക്ളാസില്ലാതെ കോഴ്സ് പൂർത്തിയാകില്ല.

2500ലധികം മലയാളി വിദ്യാർത്ഥികളാണ് വിവിധ ചൈനീസ് യൂണിവേഴ്സിറ്റികളിൽ എം.ബി.ബി.എസ് പഠിക്കുന്നത്. ഏതാനും ചിലർ മാത്രമേ ഇപ്പോൾ ചൈനയിലുള്ളൂ. പഠനച്ചെലവ് താരതമ്യേന കുറവായതിനാലാണ് മലയാളികൾ ചൈനീസ് എം.ബി.ബി.എസിനെ ആശ്രയിക്കുന്നത്.

ഒരു വർഷത്തിൽ അധികമായി ഓൺലൈൻ ക്ലാസുകൾ മാത്രമാണ് ശരണം. പ്രാക്ടിക്കൽ ക്ളാസ് അനിവാര്യമായതിനാൽ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്രികളെ സമീപിച്ചെങ്കിലും തിരിച്ചെത്താൻ അനുമതിയായില്ലെന്നായിരുന്നു മറുപടി.

ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള പ്രവേശനം ചൈന നിജപ്പെടുത്തിട്ടുണ്ട്. 200 മെഡിക്കൽ കോളേജുകളിൽ 45 എണ്ണത്തിൽ മാത്രമേ പ്രവേശനമുള്ളൂ.

ക്ലാസില്ലെങ്കിലും ഫീസ് വാങ്ങി

പ്രതിവർഷം നാല് ലക്ഷം രൂപയാണ് ഫീസ്. കോഴ്സ് പൂർത്തിയാക്കാൻ 20 മുതൽ 25 ലക്ഷം വരെ രൂപ വേണം. ഹോസ്റ്റൽ ഫീസും മറ്രു ചെലവുകളും വേറെ. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വിദ്യാർത്ഥികൾ കൂട്ടമായി ചൈനയിൽ നിന്ന് മടങ്ങി എത്തിയത്. കൊവിഡ് അതിവ്യാപനത്തെ തുടർന്ന് ചൈനയിൽ യൂണിവേഴ്സിറ്റികൾ അടഞ്ഞു കിടന്നെങ്കിലും ഫീസ് കൃത്യമായി ഈടാക്കിയെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ചൈനയിൽ എല്ലാം പഴയപടി

ലോകത്തെ പിടിച്ചുലയ്ക്കുന്ന കൊവിഡ് മഹാമാരിയുടെ പ്രഭവകേന്ദ്രമായ ചൈനയിൽ കാര്യങ്ങൾ എല്ലാം പഴയപടിയായി. ഇവിടെ പ്രതിദിന കൊവിഡ് കേസുകൾ 20 താഴെ മാത്രം. കോളേജുകളും യൂണിവേഴ്സിറ്രികളും പ്രവർത്തനം പുനരാരംഭിച്ചു.

ഓൺലൈൻ ക്ലാസുകൾ മുടങ്ങാതെ നടക്കുന്നുണ്ട്. പ്രാക്ടിക്കൽ ക്ലാസില്ലാതെ കോഴ്സ് പൂർത്തിയാക്കാൻ കഴിയില്ല. രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ ഭാവി എന്താകുമോയെന്ന ആശങ്കയുമുണ്ട്.

ഹനാൻ,എം.ബി.ബി.എസ് വിദ്യാർത്ഥി

Advertisement
Advertisement