ലാൻഡ് റവന്യു കമ്മിഷണർ: ഉത്തരവ് തിരുത്തിയത് എതിർപ്പിനെ തുടർന്ന്

Thursday 03 June 2021 2:10 AM IST

തിരുവനന്തപുരം: ലാൻഡ് റവന്യു കമ്മിഷണർ തസ്തികയിലേക്ക് അഡിഷണൽ സെക്രട്ടറി റാങ്കിലുള്ള ഡോ.എ. കൗശികനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി സ്പെഷ്യൽ ഗ്രേഡ് സെക്രട്ടറി റാങ്കിലെ കെ. ബിജുവിനെ തന്നെ നിലനിറുത്തി വീണ്ടും ഉത്തരവിറക്കിയത് എതിർപ്പുകളെ തുടർന്നെന്ന് സൂചന.

റവന്യുമന്ത്രി കെ. രാജൻ ഉൾപ്പെടെ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം. 14 ജില്ലാ കളക്ടർമാരെയും 27 റവന്യു ഡിവിഷണൽ ഓഫീസർമാരെയും 1164 വില്ലേജോഫീസുകളെയും നിയന്ത്രിക്കുന്ന സുപ്രധാന തസ്തികയിലേക്ക് താരതമ്യേന ജൂനിയറായ ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതിലെ ഔചിത്യക്കുറവ് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടിയിരുന്നു.

മേയ് 28നാണ് കെ. ബിജുവിനെ മാറ്റി ഡോ. കൗശികനെ നിയമിച്ചത്. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിലായിരുന്നു തീരുമാനം. തസ്തികയുടെ പദവി തരംതാഴ്ത്തുകയുമുണ്ടായി. ഭൂമിയുടെ സർവ്വേ നടപടികൾ പൂർത്തിയാക്കൽ, സ്മാർട്ട് വില്ലേജ് ഓഫീസ് അടക്കമുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകവേ ആയിരുന്നു ഉദ്യോഗസ്ഥ മാറ്റം. വകുപ്പിനെ പഠിച്ചുവരുന്നതിനിടയിൽ വന്ന മാറ്റത്തിൽ റവന്യുമന്ത്രി ചീഫ്സെക്രട്ടറിയോട് അതൃപ്തി അറിയിച്ചതായാണ് വിവരം. ജില്ലാ കളക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാൻ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ലാൻഡ് റവന്യു കമ്മിഷണറായി വേണമെന്നായിരുന്നു മന്ത്രിയുടെ നിലപാട്.

Advertisement
Advertisement