വാക്സിൻ: സർക്കാരിന് മുൻഗണന നൽകിക്കൂടേയെന്ന് ഹൈക്കോടതി

Thursday 03 June 2021 2:22 AM IST

കൊച്ചി:സർക്കാരിതര ക്വോട്ടയിലെ കൊവിഡ് വാക്‌സിൻ വിതരണത്തിൽ സ്വകാര്യ ആശുപത്രികളെക്കാൾ സർക്കാരിന് മുൻഗണന നൽകിക്കൂടേയെന്ന് ഹൈക്കോടതി ആരാഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയിലും കേരളം പണം നൽകി വാക്‌സിൻ വാങ്ങാമെന്ന് പറയുമ്പോൾ മതിയായ പരിഗണന നൽകേണ്ടതല്ലേയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകണം, കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയം റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഒരുകൂട്ടം ഹർജികളിലാണ് ജസ്‌റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം.

സർക്കാരിന് വാക്‌സിൻ നൽകുന്നില്ലെങ്കിലും സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഹർജിക്കാർ പറഞ്ഞു. പണം നൽകാൻ സർക്കാർ തയ്യാറായിട്ടും ഇതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പാവങ്ങൾക്ക് ലഭ്യമാക്കാതെ പണമുള്ളവർക്കു മാത്രം വാക്സിൻ നൽകുന്നു. എല്ലാവരും പണമുണ്ടാക്കുകയാണ് - ഹൈക്കോടതി പറഞ്ഞു. ഉത്തരേന്ത്യൻ ഹോട്ടൽ വാക്സിനേഷൻ പാക്കേജ് പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയ കോടതി,​ വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകാൻ നിർദ്ദേശിച്ച് ഹർജികൾ ചൊവ്വാഴ്ചത്തേക്ക് മാറ്റി.

വാക്സിനുകൾക്ക് പല വില നിശ്ചയിച്ച് കേന്ദ്രം കരിഞ്ചന്ത പ്രോത്സാഹിപ്പിക്കുകയാണെന്ന് സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തി. 70 ലക്ഷം കൊവിഷീൽഡും 30 ലക്ഷം കൊവാക്സിനും ഉൾപ്പെടെ ഒരുകോടി ഡോസുകൾക്ക് ഒാർഡർ നൽകിയെങ്കിലും 8.84 ലക്ഷം ഡോസ് മാത്രമാണ് ലഭിച്ചതെന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിശദീകരിച്ചു.

മൂന്നു മാസത്തിനുള്ളിൽ കൊവിഷീൽഡ് 11 കോടി ഡോസും കൊവാക്‌സിൻ 5.5 കോടി ഡോസും ഉത്പാദിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നെന്ന വാദം തെറ്റാണ്. 1700 രൂപയ്ക്ക് ആർ.ടി - പി.സി.ആർ ടെസ്റ്റ് നടത്താൻ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നത് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കലാണെന്ന് പറയാനാവുമോ? - കേന്ദ്രത്തിന്റെ അഭിഭാഷകൻ ചോദിച്ചു.

Advertisement
Advertisement