ഹോം ഡെലിവറിയുമായി കുടുംബശ്രീയും

Friday 04 June 2021 12:12 AM IST
ചെറുവത്തൂര്‍ കുടുംബശ്രീ ബസാറില്‍ നടന്ന ഹോമര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ നിർവ്വഹിക്കുന്നു

കാസർകോട്: ലോക്ക്ഡൗണിൽ ഒറ്റപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമായി കുടുംബശ്രീയുടെ ഹോം ഡെലിവറി സംവിധാനമായ 'ഹോമർ' പദ്ധതിക്ക് ജില്ലയിൽ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ കുടുംബശ്രീ ബസാറിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ നിർവ്വഹിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ആവശ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ വീടുകളിൽ എത്തിച്ചു നൽകുവാനായി ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച നൂതന പദ്ധതിയാണ് 'ഹോമർ' (കുടുംബശ്രീ വാതിൽപ്പടി സേവനം).

സംസ്ഥാനതലത്തിൽ കാസർകോട് ജില്ലയിലാണ് പദ്ധതി ആദ്യം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ജില്ലയിൽ മംഗൽപാടി, കാസർകോട്, കാഞ്ഞങ്ങാട്, ചെറുവത്തൂർ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. വാതിൽപ്പടി സേവന പദ്ധതിയിലൂടെ കുടുംബശ്രീ അടക്കമുള്ള ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുവാനുള്ള അവസരവും ലഭിക്കും.

ആദ്യഘട്ടത്തിൽ രണ്ട് ഹോംഡെലിവറി ഏജന്റുമാർ അടങ്ങുന്ന ഒരു ഒരു സംഘമാണ് അവശ്യ സേവനങ്ങൾ വീടുകളിലെത്തിക്കുക. ഹോംഡെലിവറി ഏജന്റുമാരുടെ വാട്സാപ്പ് നമ്പർ വഴി ഉപഭോക്താക്കൾക്ക് ഓർഡറുകൾ ബുക്ക് ചെയ്യാം. തുടർന്ന് ഗൂഗിൾ പേ, ഫോൺ പേ എന്നീ സംവിധാനങ്ങളിലൂടെയോ നേരിട്ടോ പണം നൽകാം.

Advertisement
Advertisement