കരുതൽ ശുചീകരണം ഇന്ന് മുതൽ , നമുക്കിറങ്ങാം... നാട് വൃത്തിയാക്കാം

Friday 04 June 2021 12:38 AM IST

പത്തനംതിട്ട : കരുതൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് ഇന്ന് ജില്ലയിൽ തുടക്കം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വമിഷൻ, ഹരിത കേരളം മിഷൻ, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരത്തോടെ ഇന്ന് ജില്ലയിലെ എല്ലാ തൊഴിലിടങ്ങളിലും നാളെ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും പരിസരങ്ങളിലുമാണ് ശുചീകരണം നടത്തുന്നത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക, മഴക്കാലരോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, ശുചിത്വം ഉറപ്പാക്കി പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക, കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യങ്ങൾ.

പങ്കാളികൾ

വാർഡ് സാനിട്ടേഷൻ സമിതി അംഗങ്ങൾ, സ്ഥാപന മേധാവികൾ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശാപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ക്ലബ്ബുകൾ, വീടുകൾ, റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങൾ.

ചെയ്യേണ്ടത്

1.വീടും ചുറ്റുപാടും തൊഴിലിടങ്ങളും പൊതുസ്ഥലങ്ങളും കൊതുക്, ഈച്ച, എലി എന്നിവ വളരുന്ന സാഹചര്യം ഒഴിവാക്കുന്ന തരത്തിൽ മാലിന്യം നീക്കംചെയ്ത് ശുചിത്വം ഉറപ്പാക്കണം.

2.കൊതുകിന്റെ ഉറവിടം നശിപ്പിച്ച് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം.

3. തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യം നീക്കം ചെയ്യാൻ ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ, ക്ലീൻ കേരള എന്നീ സംവിധാനങ്ങൾ ഉപയോഗിക്കണം.

4.എലിപ്പനി സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഡോക്‌സിസൈക്ലിൻ സ്വീകരിക്കണം.

കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കണം

വീടിന്റെ പരിസരങ്ങളിലെ കുപ്പികൾ, പാത്രങ്ങൾ, ചിരട്ടകൾ, ചെടിച്ചട്ടികൾ, പാരപ്പറ്റുകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ മുട്ടയിടുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കണം.
പയോഗമില്ലാത്ത ടയറുകൾ, ഫ്രിഡ്ജിന്റെ ട്രേ, ടെറസ്, മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും കൊടുക്കുന്ന പാത്രങ്ങൾ, റബ്ബർ തോട്ടത്തിലെ ചിരട്ടകൾ, കാലിത്തൊഴുത്ത് എന്നിവയിലും വെള്ളം കെട്ടിനിന്ന് കൊതുക് വളരാതിരിക്കാൻ ശ്രദ്ധിക്കണം.

തുടർന്നുള്ള ആഴ്ചകളിലും ഡ്രൈ ഡേ ആചരണം തുടരണം.

''കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകണം ശുചീകരണം നടത്തേണ്ടത്. അഞ്ച് പേർ അടങ്ങുന്ന ടീമുകളായിട്ടാകണം ശുചീകരണം. പ്രവർത്തകർക്ക് വേണ്ട ഗ്ലൗസ്, പ്രതിരോധ ഉപകരണങ്ങൾ തുടങ്ങിയവ തദ്ദേശസ്ഥാപനങ്ങൾ ഓരോ ടീമിനും ലഭ്യമാക്കണം.

അഡ്വ. ഒാമല്ലൂർ ശങ്കരൻ,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Advertisement
Advertisement