മൊബെെൽ ഷോപ്പുകളുടെ നാളും നേരവും കാത്ത്...

Friday 04 June 2021 12:02 AM IST

കോഴിക്കോട്: ഓൺലൈൻ ക്ലാസുകൾക്ക് വീണ്ടും തുടക്കമിട്ടതോടെ മൊബൈൽ ഷോപ്പുകളുടെയെന്ന പോലെ കമ്പ്യൂട്ടർ റിപ്പയറിംഗ് സ്ഥാപനങ്ങളുടെയും നാളും നേരവും നോക്കിയുള്ള കാത്തിരിപ്പിലാണ് കുട്ടികളും രക്ഷിതാക്കളും.

കോഴിക്കോട് ജില്ലയിൽ കളക്ടർ കഴി‌ഞ്ഞ ബുധനാഴ്ച വൈകിട്ട് ഇറക്കിയ ഉത്തരവ് പ്രകാരം ബുധനും വെള്ളിയുമായിരുന്നു മൊബൈൽ ഷോപ്പുകൾക്ക് പ്രവർത്തനാനുമതി. പിന്നീട് വ്യാഴാഴ്ച സർക്കാരിന്റെ പൊതുവായ ഉത്തരവിറങ്ങിയതോടെ അത് ചൊവ്വയും ശനിയുമായി. ജൂൺ ഒന്നിന് പ്രവേശനോത്സവ നാളിൽ തന്നെ മൊബൈൽ ഷോപ്പുകളിലേക്ക് ആവശ്യക്കാരുടെ ഒഴുക്കായിരുന്നു. ചൊവ്വാഴ്ച മിക്ക ഷോറൂമുകൾക്ക് മുന്നിലും വൈകിട്ട് അഞ്ച് മണി കഴിഞ്ഞപ്പോഴും നീണ്ട ക്യൂവായിരുന്നു.

ആളുകൾ എത്തുന്ന മുറയ്ക്ക് നിശ്ചിതസമയം അനുവദിക്കേണ്ടി വന്നു പലയിടത്തും തിരക്ക് നിയന്ത്രിക്കാൻ. വൻകിട സ്ഥാപനങ്ങൾ ഏതാണ്ട് എല്ലായിടത്തും ഹോം ഡെലിവറി സൗകര്യം കൂടി ഏർപ്പെടുത്തിയിരുന്നു. പുതിയ മൊബൈൽ, ലാപ്പ് ടോപ്പ് തുടങ്ങിയവ വാങ്ങാൻ മാത്രമല്ല തിരക്ക്. സ്‌മാർട്ട് ഫോണും ഡെസ്ക് ടോപ്പ് സിസ്റ്റവും ലാപ്പ് ടോപ്പും മറ്റും നന്നാക്കിക്കിട്ടാൻ പരക്കം പായുന്നവരുമുണ്ട്.

സമ്പൂർണ ലോക്ക് ഡൗൺ കാരണം ഏറെ നാളായി അടഞ്ഞുകിടന്നതിന്റെ ആഘാതം മുഴുവൻ നീക്കാനാവില്ലെങ്കിലും തത്കാലം രക്ഷ എന്ന ആശ്വാസത്തിലാണ് മൊബൈൽ ഷോപ്പുകാരും മറ്റും. പതിനായിരത്തിൽ താഴെ വിലയുള്ള സ്‌മാർട്ട് ഫോണുകളാണ് കഴിഞ്ഞ ദിവസം കൂടുതലും വിറ്റുപോയത്. പുതിയ അദ്ധ്യയനവ‌ർഷത്തിന്റെ പിറവി വൈകില്ലെന്ന് മുൻകൂട്ടി കണ്ട് അത്യാവശ്യം സ്‌റ്റോക്ക് എല്ലായിടത്തും നേരത്തെ എത്തിച്ചിരുന്നു.

ഉയർന്ന ക്ലാസുകളിൽ പഠിക്കുന്നവരാണ് ലാപ് ടോപ്പിനുള്ള ആവശ്യക്കാർ. മൗസ്, കീ ബോർഡ്, ഹെഡ് സെറ്റ്, വെബ്കാം, വൈ ഫൈ മോഡം എന്നിവയുടെ വില്പനയും കഴിഞ്ഞ ദിവസം കാര്യമായി നടന്നു. മുൻവർഷത്തെ അപേക്ഷിച്ച് ലാപ്‌ ടോപ്പ് വില്പന ഉയർന്നതായി വ്യാപാരികൾ പറയുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ഷോപ്പുകളുടെ പ്രവർത്തനം. കടയിൽ എത്തുന്നവരുടെ കാത്തുനില്പ് കുറയ്ക്കാൻ കൂടുതൽ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട് മിക്കയിടത്തും. ഇനി മൊബെെൽ ഷോപ്പുകൾ പ്രവർത്തിക്കുക.

Advertisement
Advertisement