എൽ.പിയിൽ അദ്ധ്യാപകരില്ല; ഓൺലൈനിൽ ആര് പഠിപ്പിക്കും

Friday 04 June 2021 12:01 AM IST

മലപ്പുറം: സ്‌കൂളുകൾ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ തുടങ്ങാനിരിക്കെ ജില്ലയിലെ എൽ.പി സ്കൂളുകളിലെ അദ്ധ്യാപകരുടെ കുറവ് പ്രതിസന്ധിയാവും. കഴിഞ്ഞ അദ്ധ്യയന വർഷം 700ഓളം അദ്ധ്യാപകരുടെ ഒഴിവുണ്ടായിരുന്നു. ഈ വർഷം വിരമിച്ചവരുടെ എണ്ണം കൂടി ചേർത്താൽ ഒഴിവുകൾ ഇനിയും ഉയരും.

പ്രധാനാദ്ധ്യാപകന് പുറമെ ഒരു സ്ഥിരാദ്ധ്യാപകൻ പോലുമില്ലാത്ത 13 സ്‌കൂളുകൾ ജില്ലയിലുണ്ട്. പ്രധാനാദ്ധ്യാപകരാണ് ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുന്നത്. ഓൺലൈൻ ക്ലാസിന് അതത് സ്‌കൂളുകളിലെ അദ്ധ്യാപകർ തന്നെ വേണമെന്ന പുതിയ നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അദ്ധ്യാപകരുടെ കുറവ് മൂലം ഇതെങ്ങനെ പ്രാവർത്തികമാക്കുമെന്ന ആശങ്കയിലാണ് പ്രധാനാദ്ധ്യാപകർ.

കൊവിഡിന് മുമ്പ് താത്കാലിക അദ്ധ്യാപകരെ നിയമിച്ചാണ് പാഠ്യ,​ പാഠ്യേതര പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയിരുന്നത്. കൊവിഡിനെ തുടർന്ന് സ്കൂളുകൾ അടഞ്ഞതോടെ കഴിഞ്ഞ അദ്ധ്യയന വർഷം താത്കാലിക അദ്ധ്യാപക നിയമനങ്ങൾ നടന്നിരുന്നില്ല. കൈറ്റ് - വിക്ടേഴ്സ് ചാനൽ വഴി തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരുടെ റെക്കോർഡഡ് ക്ലാസുകളായിരുന്നു ഓൺലൈൻ പഠനത്തിന് പ്രയോജനപ്പെടുത്തിയിരുന്നത്. ഇത്തവണ അതത് സ്കൂളിലെ അദ്ധ്യാപകർ തന്നെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുക്കണം. ഈ സാഹചര്യത്തിൽ താത്കാലിക അദ്ധ്യാപകരെ നിയമിച്ചെങ്കിലും പ്രശ്നം പരിഹരിക്കേണ്ടിവരും. ഈ മാസം 14 മുതൽ ഓൺലൈൻ ക്ലാസുകൾ പൂർണ്ണതോതിൽ തുടങ്ങും. കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ പ്രവേശനം നേടാനാനാവാത്ത കുട്ടികളെ കൂടി ഉൾപ്പെടുത്താൻ വേണ്ടിയാണിത്. ജില്ലയിൽ എൽ.പി ക്ലാസുകളിലേക്ക് 20,000ത്തോളം കുട്ടികൾ കൂടി പ്രവേശനം നേടുമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ.

പൊല്ലാപ്പിലായി രക്ഷിതാക്കൾ

ചെറിയ ക്ലാസുകളിലെ കുട്ടികളെ കൃത്യമായി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കുകയെന്നത് രക്ഷിതാക്കൾക്ക് വലിയ വെല്ലുവിളിയാണ്.

ഹോംവർക്കുകളും സംശയ ദൂരീകരണവും അതത് സ്കൂളുകളിലെ അദ്ധ്യാപകർക്ക് വാട്സ് ആപ്പ് മുഖേനയാണ് കൈമാറിയിരുന്നത്.

ഇത്തവണ അതത് സ്കൂളുകളിലെ അദ്ധ്യാപക‌ർ നേരിട്ടാണ് ക്ലാസുകൾ നടത്തുന്നത് എന്നതിനാൽ രക്ഷിതാക്കളുടെ അദ്ധ്വാനം കുറയും.

പല സ്കൂളുകളിലും അദ്ധ്യാപകരുടെ കുറവുമൂലം കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാനായിരുന്നില്ല. പുതിയ അദ്ധ്യയന വർഷത്തിൽ ഇത് ആവർത്തിക്കരുതെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

കേസിൽപ്പെട്ട് ഇഴഞ്ഞു

ഉദ്യോഗാർത്ഥികളുടെ എണ്ണം വെട്ടിച്ചുരുക്കിയായിരുന്നു എൽ.പി.എസ്.എ റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചിരുന്നത്.

ഇതിനിടെ റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ കേരള അഡ്മിനിസ്‌ടേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.

കൂടുതൽ പേർക്ക് നിയമനം നൽകാൻ ആഗസ്റ്റ് 24ന് ട്രൈബ്യൂണൽ വിധി പുറപ്പെടുവിപ്പിച്ചു. ഇതിനെതിരെ പി.എസ്.സി കോടതിയിൽ അപ്പീൽ സമർപ്പിച്ചതോടെ നിയമനം നീണ്ടുപോയി.

2018 ഡിസംബറിൽ പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പ്രകാരം മലപ്പുറത്ത് 779 ഒഴിവുകളുണ്ട്.

Advertisement
Advertisement