എൻജിനീയറിംഗ് പ്രവേശനത്തിൽ മാറ്റത്തിന് ശുപാർശ; പ്ലസ്ടു മാർക്ക് നീക്കിയേക്കും

Thursday 03 June 2021 11:37 PM IST

റാങ്ക് ലിസ്റ്റിന് എൻട്രൻസിലെ സ്കോർ മാത്രം

 നിർദ്ധന വിദ്യാർത്ഥികൾക്ക് കുരുക്കാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എൻജിനിയറിംഗ് പ്രവേശനം, എൻട്രൻസ് സ്കോർ മാത്രം പരിഗണിച്ചാകാൻ സാദ്ധ്യത. റാങ്ക് നിശ്ചയിക്കുന്നതിന് പ്ളസ് ടു മാർക്ക് ഒഴിവാക്കിയേക്കും. പ്രവേശന പരീക്ഷാ കമ്മിഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചാൽ എൻട്രൻസ് കോച്ചിംഗിന് സൗകര്യമില്ലാത്ത മിടുക്കരായ നിർദ്ധന വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകും.

കൊവിഡ് പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ, ഐ.എസ്.സി 12-ാം ക്ളാസ് പരീക്ഷകളും വിവിധ ബോർഡ് പരീക്ഷകളും റദ്ദാക്കിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പുതിയ ശുപാർശ. ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു 'കേരളകൗമുദി'യോട് പറഞ്ഞു.

എൻട്രൻസ് സ്കോറിനൊപ്പം പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലെ മാർക്കിന് തുല്യപരിഗണന നൽകിയാണ് നിലവിൽ റാങ്ക്‌ ലിസ്റ്റ് തയ്യാറാക്കുന്നത്. കോച്ചിംഗ് സെന്ററുകളിൽ ചേർന്ന് മികച്ച പരിശീലനം നേടാൻ സാമ്പത്തിക സൗകര്യമില്ലാത്ത കുട്ടികൾ എൻട്രൻസിൽ പിന്തള്ളപ്പെടുന്ന സാഹചര്യം നേരത്തേ ചർച്ചയായതോടെയാണ് പ്ലസ്ടു മാർക്ക് കൂടി റാങ്ക്‌ ലിസ്റ്റിന് പരിഗണിച്ചു തുടങ്ങിയത്. ഇതോടെ, പ്രവേശന പരീക്ഷയിൽ സ്കോർ അല്പം കുറഞ്ഞാലും പ്ലസ്ടുവിന് മികവു കാട്ടിയവർക്ക് മുന്നിലെത്താൻ കഴിയുമായിരുന്നു. പരിഷ്കാര ശുപാർശ അംഗീകരിക്കപ്പെട്ടാൽ വീണ്ടും പഴയ സ്ഥിതിയാകും.

പ്ലസ്ടു പരീക്ഷ റദ്ദാക്കിയ ബോർഡുകൾ 9, 10, 11 ക്ളാസുകളിലെ അവസാന പരീക്ഷയുടെ മാർക്കും, പന്ത്രണ്ടാം ക്ലാസിലെ ഇന്റേണൽ അസസ്‌മെന്റ് ഫലവും, പത്താം ക്ലാസിലെ അവസാന പരീക്ഷയുടെ മാർക്കും പ്ലസ്ടു ഫലത്തിന് മാനദണ്ഡങ്ങളാക്കുന്നത് വിദ്യാർത്ഥികളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. മുൻ വർഷങ്ങളിലെ പ്രകടനം മെച്ചമല്ലെങ്കിൽ, പ്ലസ്ടു മാർക്ക് പരിഗണിച്ചാൽ എൻട്രൻസ് റാങ്ക് പട്ടികയിൽ താഴേക്കു പോവുമെന്ന ഈ ആശങ്കയും കേരള കൗമുദി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. ജൂലായ് 24നാണ് പ്രവേശന പരീക്ഷ.

വിവിധ സംസ്ഥാനങ്ങളിലും, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിലും നിന്നുള്ളവർ കേരള എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നുണ്ട്. വിവിധ ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളുടെ മാർക്കിലെ അന്തരമില്ലാതാക്കാൻ മാർക്ക് സമീകരണം നടത്തുകയാണ് പതിവ്. ഇതിനായി 34 ബോർഡുകളിൽ നിന്നുമുള്ള മാർക്ക് ശേഖരണം ഇത്തവണ സാദ്ധ്യമാവില്ല.

ആ പരിഷ്‌കാരം ഇങ്ങനെയാകും

 എൻട്രൻസിൽ ഫിസിക്സ്, കെമിസ്ട്രി ഒന്നാം പേപ്പറിലും മാത്തമാറ്റിക്സ് രണ്ടാം പേപ്പറിലുമായി 960 ൽ കിട്ടിയ സ്കോർ പ്രകാരം റാങ്ക്‌ പട്ടിക

 പ്ലസ് ടു മാർക്ക് സമീകരണം ഒഴിവായാൽ എൻട്രൻസ് പരീക്ഷ കഴിഞ്ഞ് ഇരുപത് ദിവസത്തിനകം ഫലം. സെപ്തംബർ ആദ്യവാരം മുതൽ ഓപ്ഷൻ

......................................

സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കായി ക്രാഷ് കോഴ്സ് പോലെ ഓൺലൈനായി പരിശീലന സൗകര്യമൊരുക്കണം.-ബി.എസ്. മാവോജി

മുൻ എൻട്രൻസ് കമ്മിഷണർ

എല്ലാവരും എൻ.സി.ഇ.ആർ.ടി സിലബസാണ് പഠിക്കുന്നത് എന്നതിനാൽ ആശങ്കപ്പെടേണ്ടതില്ല. കൃത്യമായ മെരിറ്റ് ഉറപ്പാക്കാനാവും.

- എ. ഗീത

എൻട്രൻസ് കമ്മിഷണർ

Advertisement
Advertisement