നിയന്ത്രണം നിലതെറ്റി, കൊവിഡ് കുതിപ്പ്

Friday 04 June 2021 12:20 AM IST

 നിയമപാലകരെ വെല്ലുവിളിച്ച് ജനക്കൂട്ടം

കൊല്ലം: നഗരപരിധിയിലുള്ളവർ കൊവിഡ് നിയന്ത്രണം കർശനമായി പാലിക്കാത്തതിന്റെ ഫലമായി രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. സിറ്റി പൊലീസിന്റെ പരിധിയിൽ തുടർച്ചയായ ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടുതലുള്ളത് ഇരവിപുരത്താണ്. തൊട്ടുപിന്നിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയുമുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഏറ്റവും കുറവ് ചാത്തന്നൂരാണ്.

നിയന്ത്രണങ്ങൾ പാലിക്കാത്തതും രോഗം സ്ഥിരീകരിക്കുന്നവർ ഡൊമിസിലിയറി കെയർ സെന്ററുകളിലേക്ക് മാറാൻ വിമുഖത കാട്ടുന്നതുമാണ് രോഗികൾ വർദ്ധിക്കാൻ കാരണം. ഇരവിപുരം സ്റ്റേഷൻ പരിധിയിലെ ആറോളം ഡിവിഷനുകളിൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നവർ നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഡൊമിസിലിയറി കെയർ സെന്ററുകളിലേക്ക് മാറുന്നതാണ് ഉചിതം.

അഞ്ച് പൊലീസുകാർക്ക് കൊവിഡ്

ഇരവിപുരം സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് വിധേയരായി. സുരക്ഷാ ജോലിയിൽ ഏർപ്പെടുന്ന പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് അപകടകരമാണ്. ഇടവഴികൾ അടയ്ക്കുന്നതിനായി മതിയായ ബാരിക്കേഡുകൾ ലഭ്യമല്ലാത്തത് ഇരവിപുരത്തെ സംബന്ധിച്ച് വിലങ്ങുതടിയാണ്. കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ച് അടയ്ക്കുന്ന റോഡുകളിൽ അവ നീക്കം ചെയ്ത് യാത്രക്കാർ സഞ്ചരിക്കുന്നത് പതിവ് സംഭവമാണ്.

ചന്ത അടച്ചിട്ടും കച്ചവടം

നിയന്ത്രണങ്ങളുടെ ഭാഗമായി ഇരവിപുരം ചന്തയുടെ പ്രവർത്തനവും മത്സ്യവില്പനയും വിലക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ റോഡരികിലെ മത്സ്യവില്പന സജീവമായപ്പോൾ അധികൃതർ ഇടപെട്ടിരുന്നു. എന്നാൽ ചന്തയുടെ സമീപത്തുള്ള വീടുകൾ കേന്ദ്രീകരിച്ച് ഇപ്പോഴും വില്പന തകൃതിയായി നടക്കുന്നുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്ന് മത്സ്യം വാങ്ങാൻ ആളുകളെത്തുന്നതിനാൽ രോഗവ്യാപനം കൂടാനുള്ള സാദ്ധ്യതയേറെയാണ്.

സിറ്റി പൊലീസ് പരിധിയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവർ

ഇരവിപുരം - 230
കരുനാഗപ്പള്ളി - 223
കൊട്ടിയം - 171
കിളികൊല്ലൂർ - 139
ചവറ - 109
അഞ്ചാലുംമൂട് - 101
കൊല്ലം ഈസ്റ്റ് - 80
പാരിപ്പള്ളി - 74
പരവൂർ - 52
കൊല്ലം വെസ്റ്റ് - 49
ശക്തികുളങ്ങര - 41
കണ്ണനല്ലൂർ - 34
ഓച്ചിറ - 32
പള്ളിത്തോട്ടം - 29
ചാത്തന്നൂർ - 18

''

പൊലീസിന്റെ നിർദേശം പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കേണ്ടിവരും.

പി.എസ്. ധർമ്മജിത്ത്

എസ്.എച്ച്.ഒ, ഇരവിപുരം

Advertisement
Advertisement