കായലിന്റെ കാവലാൾ രാജപ്പന് 7.3 ലക്ഷത്തിന്റെ പുരസ്കാരം

Friday 04 June 2021 3:07 AM IST

കുമരകം: വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് കുപ്പികൾ വള്ളം തുഴഞ്ഞെത്തി വാരിമാറ്റുന്ന, കായലിന്റെ കാവലാളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ച കുമരകത്തെ രാജപ്പനെ തേടി കടൽ കടന്ന് പുരസ്‌കാരമെത്തി. തായ്‌വാനിലെ സുപ്രീംമാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണൽ പ്രകൃതി സംരക്ഷകർക്ക് നൽകുന്ന ഷൈനിംഗ് വേൾഡ് എർത്ത് പ്രൊട്ടക്‌ഷൻ അവാർഡിനാണ് രാജപ്പൻ അർഹനായത്. പതിനായിരം യു.എസ് ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും ഫലകവുമാണ് പുരസ്‌കാരം. അവാർഡു തുക രാജപ്പന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കഴിഞ്ഞു.

മേനകാഗാന്ധി ഉൾപ്പെടെയുള്ളവർക്ക് മുൻപ് ഈ അവാർഡ് ലഭിച്ചിട്ടുണ്ട്. രാജപ്പനെക്കുറിച്ച് ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ കെ.എസ്. നന്ദു സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റു ചെയ്ത വിവരങ്ങൾ തായ്‌വാനിലെ സംഘടനയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. സുപ്രീംമാസ്റ്റർ ചിങ് ഹായ് അസോസിയേഷന്റെ ഇന്ത്യയിലെ പ്രതിനിധി അവാർഡ് വിവരം നന്ദുവിനെ അറിയിക്കുകയും പ്രശംസാപത്രവും ഫലകവും കൊറിയറായി അയച്ചു കൊടുക്കുകയും ചെയ്തു. അവാർഡ് തുക ഫെഡറൽ ബാങ്കിലെ രാജപ്പന്റെ അക്കൗണ്ടിലാണെത്തിയത്. പ്രശംസാപത്രവും ഫലകവും രാജപ്പന്റെ താമസസ്ഥലത്ത് എത്തി നന്ദു കൈമാറി.

പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ കഴിഞ്ഞ ജനുവരി 31നാണ് രാജപ്പന്റെ പ്രകൃതി സ്നേഹത്തെ പ്രശംസിച്ചത്. പക്ഷാഘാതം ബാധിച്ച് അവശനാണെങ്കിലും മീനച്ചിലാറിലും വേമ്പനാട്ട് കായലിലും വലിച്ചെറിയുന്ന കുപ്പിയും മറ്റും പെറുക്കി വിറ്റാണ് രാജപ്പൻ ജീവിതമാർഗം കണ്ടെത്തുന്നത്. വർഷങ്ങളായി തുടരുന്ന ഈ പ്രവൃത്തി മാതൃകാപരമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Advertisement
Advertisement