മരണപ്പെടുന്ന നേതാക്കൾക്ക് കോടികൾ നീക്കിവച്ച് സ്മാരകം പണിയുന്നവർ അറിയാൻ അമേരിക്കയിലെ ഒരു  മാതൃക 

Friday 04 June 2021 3:22 PM IST

അന്തരിച്ച പ്രമുഖ നേതാക്കളായ കെ ആർ ഗൗരിയമ്മയ്ക്കും ആർ ബാലകൃഷ്ണപിളളയ്ക്കും സ്മാരകം നിർമ്മിക്കാനുളള പണം ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ വക ഇരുത്തിയിരുന്നു. രണ്ട് നേതാക്കൾക്കും സ്മാരകം പണിയാൻ രണ്ട് കോടി രൂപ വീതമാണ് നീക്കി വച്ചിട്ടുള്ളത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് രണ്ട് നേതാക്കൾക്കും സ്മാരകം പണിയാൻ രണ്ട് കോടി രൂപ വീതം സർക്കാർ നീക്കിവയ്ക്കുന്നതെന്നതിനാൽ ഈ വിഷയത്തിൽ എതിർപ്പുകൾ സ്വാഭാവികമായും ഉയരുന്നുണ്ട്.

മരണപ്പെടുന്ന പ്രധാന വ്യക്തികൾക്ക് സ്മാരകമുണ്ടാക്കാൻ അന്താരാഷ്ട്ര തലത്തിൽ നിലവിലുള്ള രീതി പരിചയപ്പെടുത്തുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അജയ് ബാലചന്ദ്രൻ. പൊതുജനത്തിന് ഉപയോഗ പ്രദമായ രീതിയിൽ നേതാക്കളുടെ സ്മരണ എങ്ങനെ നിലനിർത്താം എന്ന് ഈ കുറിപ്പിൽ പറയുന്നു. അധികാരികൾ ഈ മാതൃക ശ്രദ്ധിച്ചാൽ അത് കേരളത്തിന് തീർച്ചയായും ഗുണപരമായിരിക്കും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2 കോടി രൂപ കൊണ്ട് എന്ത് സ്മാരകം നിർമിക്കാനാവും? സ്ഥലമുണ്ടെങ്കിൽ സാമാന്യം നല്ല ഒരു ബഹുനിലക്കെട്ടിടം പണിയാം. അവിടെ സ്മരിക്കപ്പെടുന്ന വ്യക്തിയുടെ ചരിത്രപ്രാധാന്യമുള്ള ചില ചിത്രങ്ങളും അയാൾ ഉപയോഗിച്ചിരുന്ന ചില സംഗതികളുമൊക്കെ പ്രദർശിപ്പിക്കാം. സ്മാരകത്തിന്റെ നടത്തിപ്പുകാർക്ക് കെട്ടിടം ഒരു ഓഫീസായും മീറ്റിങ് ഹാളായും മറ്റും ഉപയോഗിക്കാം. കുറച്ച് പണം കൂടി പിരിച്ചെടുത്താൽ ഇതൊക്കെ ഒന്നുകൂടി വിപുലമായി ചെയ്യാം. അതിന് വേണമെങ്കിൽ സ്റ്റഡി സെന്റർ എന്നൊക്കെ പേരുമിടാം. (ആരെങ്കിലും അവിടെ എന്തെങ്കിലും സ്റ്റഡി ചെയ്യുമോ എന്ന കാര്യം സംശയമാണ്!)

എല്ലാം നല്ല കാര്യം തന്നെ. പക്ഷേ പൊതുജനത്തിന് ഇതുകൊണ്ട് വല്ല പ്രയോജനവുമുണ്ടോ?

മരണപ്പെടുന്ന പ്രധാന വ്യക്തികൾക്ക് സ്മാരകമുണ്ടാക്കാൻ അന്താരാഷ്ട്ര തലത്തിൽ മറ്റൊരു രീതി നിലവിലുണ്ട്.

ആശുപത്രികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പുതിയ സൗകര്യങ്ങൾക്ക് പരേതരുടെ പേരിടുക എന്നതാണ് സംഭവം.

കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ ഒരു ചെയർ (നിയമപഠനത്തിനാണെങ്കിൽ നന്നാവും) ഗൗരിയമ്മയുടെ പേരിൽ ആരംഭിച്ചാൽ അതാവില്ലേ ഒരു കെട്ടിടം നിർമിക്കുന്നതിനേക്കാൾ നല്ല സ്മാരകം? അല്ലെങ്കിൽ പുതുതായി നിർമിക്കുന്ന ഒരു ഗവണ്മെന്റ് കോളേജിനോ സ്കൂളിനോ ആശുപത്രിക്കോ ഗൗരിയമ്മയുടെ പേര് നൽകാം.

ഒരു കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനോ ഏതെങ്കിലും അണക്കെട്ടിനോ ബാലകൃഷ്ണപിള്ളയുടെ പേര് നൽകുന്നത് ഉചിതമായിരിക്കില്ലേ? അതോടൊപ്പം അവിടെ രണ്ട് കോടി രൂപയുടെ വികസനപ്രവർത്തനങ്ങളും നടത്താം.

കൊട്ടാരക്കര ട്രാൻസ്പോർട്ട് ബസ് സ്റ്റേഷന് അദ്ദേഹത്തിന്റെ പേര് നൽകാവുന്നതല്ലേ? ഇടമലയാർ അണക്കെട്ടിനോ കല്ലട അണക്കെട്ടിനോ ഇപ്പോൾ അങ്ങനെ പ്രത്യേകിച്ച് പേരൊന്നുമില്ല. [വെറുതേ ഒന്ന് സൂചിപ്പിച്ചെന്നേയുള്ളൂ]

ഇതൊക്കെയല്ലേ ജനങ്ങൾക്ക് പ്രയോജനമുണ്ടാവുന്ന കാര്യങ്ങൾ? ആളുകൾ കൃത്യമായി പരേതരെ ഓർത്തിരിക്കുകയും ചെയ്യും. [ചിത്രത്തിൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗണിന്റെ സ്മാരകമായി കാലിഫോർണിയ സർവ്വകലാശാലയിൽ നിർമിച്ച മെഡിക്കൽ സെന്റർ കെട്ടിടമാണ്.

Advertisement
Advertisement