ടി.കെ. സുജിത്തിന് സംസ്ഥാന മാദ്ധ്യമ പുരസ്കാരം

Saturday 05 June 2021 12:55 AM IST

തിരുവനന്തപുരം: മികച്ച കാർട്ടൂണിസ്റ്റിനുള്ള 2019ലെ സംസ്ഥാന സർക്കാരിന്റെ മാദ്ധ്യമ അവാർഡ് കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്തിന്. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. ഇത് പത്താമത്തെ തവണയാണ് സംസ്ഥാന സർക്കാരിന്റെ കാർട്ടൂൺ പുരസ്കാരം ടി.കെ. സുജിത്തിന് ലഭിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ നൂറ്റിഅമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് 2019 ഒക്ടോബർ 2ന് കേരളകൗമുദിയുടെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച 'അച്ഛാ ദിൻ' എന്ന കാർട്ടൂണിനാണ് പുരസ്കാരത്തിന് അർഹമായത്.

കൃഷ്ണ പൂജപ്പുര, എം. എസ്. ശ്രീകല, ബോണി തോമസ് എന്നിവരായിരുന്നു അവാർഡ് നിർണയിച്ചത്.

തൃശൂർ തിരുമിറ്റക്കോട് വീട്ടിൽ പരേതനായ ടി.ആർ കുമാരന്റെയും പി.ആർ. തങ്കമണിയുടെയും മകനായ ടി.കെ.സുജിത്തിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റ്സിന്റെ മായാ കാമത്ത് ദേശീയ പുരസ്‌കാരം,മീഡിയ അക്കാഡമി ഫെലോഷിപ്പ്,കേരള ലളിതകലാ അക്കാഡമി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കോടതിയിൽ അഭിഭാഷകയായ നമിതയാണ് ഭാര്യ.തിരുമല അബ്രഹാം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥി അമൽ,കോട്ടൺ ഹിൽ ഗേൾസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഉമ എന്നിവർ മക്കളാണ്.

Advertisement
Advertisement