മരം = മനോജ്

Saturday 05 June 2021 12:10 AM IST

കൊച്ചി: മരം നടുകയാണ് വൈപ്പിൻ സ്വദേശി ഐ.ബി.മനോജ് കുമാറിന്റെ ഇഷ്ടവിനോദം. 24 വർഷമായി തുടരുന്ന ദൗത്യത്തിൽ ലക്ഷത്തിലേറെ വൃക്ഷങ്ങൾ നട്ടിട്ടുണ്ട്. ആര് ആവശ്യപ്പെട്ടാലും മനോജ് വൃക്ഷത്തൈകളുമായെത്തും. ഒറ്റ കണ്ടീഷൻ സംരക്ഷണം ഉറപ്പാക്കണം.

ഇത്തവണത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മനോജ് പുതിയ ക്യാമ്പെയിനും തുടക്കമിട്ടു. ചെറുവനങ്ങൾ, ശലഭോദ്യാനം, ബാംബു വനങ്ങൾ, ടെറസ് വനങ്ങൾ, കാവ് നിർമ്മാണം തുടങ്ങിയവ സൗജന്യമായി വച്ചു നൽകും. ടെറസിൽ ഡ്രമ്മുകളിലും പ്ലാസ്റ്റിക്ക് ബക്കറ്റുകളിലുമാണ് നടുന്നത്. എല്ലാം സൗജന്യം. പരിസ്ഥിതി ദിനം മുതൽ മാർച്ച് 21 വനദിനം വരെയാണ് ക്യാമ്പെയിൻ.

വീട്ടിലെ ഒന്നര ഏക്കർ സ്ഥലത്തായിരുന്നു മനോജിന്റെ ആദ്യ വനവത്കരണം. ചില എതിർപ്പുകളുണ്ടായെങ്കിലും ഇപ്പോൾ എല്ലാവരും നല്ല സപ്പോർട്ടാണ്. കഴിഞ്ഞ വർഷം ചെറായിയിലെ 70 ഏക്ക‌റും വനമാക്കി തുടങ്ങി.

നാട്ടിലെ പറമ്പുകളിലും കാവുകളിലും എല്ലാം കയറിയിറങ്ങി ശേഖരിക്കുന്ന വിത്തുകൾ മുളപ്പിച്ചാണ് ആവശ്യപ്പെടുന്ന സ്കൂളുകളിലും സ്ഥാപനങ്ങളിലും നൽകുക. മനോജിന് എല്ലാ വൃക്ഷങ്ങളും ഒരുപോലെ. ഫലവൃക്ഷങ്ങളും അല്ലാത്തതും എന്നൊന്നുമില്ല.

ബി.ടെക് ബിരുദധാരിയായ മനോജ് ഫ്രീലാൻസായി ഡാറ്റ എൻട്രി ജോലി ചെയ്യുകയാണ്. അതിനൊപ്പമാണ് തന്റെ വൃക്ഷസ്നേഹ പ്രവർത്തനങ്ങളും. കട്ടയ്ക്ക് പിന്തുണയായി യോഗ അദ്ധ്യാപികയായ ഭാര്യ സ്വപ്നയും മക്കളായ ഗൗതവും സാരംഗും ഒപ്പമുണ്ട്.

നടാനുള്ള ആവേശം വളർത്താനും ഉണ്ടാകണം

പരിസ്ഥിതി ദിനങ്ങളിൽ നടുന്ന വൃക്ഷത്തൈകൾ മാസങ്ങൾക്കുള്ളിൽ പോയ വഴികാണില്ല. ഞാനെന്റെ വൃക്ഷത്തൈകൾ നശിപ്പിക്കാൻ കൊടുക്കില്ല. അവ എന്റെ മക്കളാണ്. ചെടികൾ നടാനുള്ള സ്ഥലം കിളച്ച് പുൽനാമ്പുവരെ പറിച്ച് തീയിടുന്നതും പരിസ്ഥിതി സംരക്ഷണമല്ല.

ഐ.ബി.മനോജ് കുമാർ

Advertisement
Advertisement