യൂക്കാലി, അക്കേഷ്യ, മാഞ്ചിയം മരങ്ങൾ കാടിറങ്ങുന്നു

Saturday 05 June 2021 12:15 AM IST
പ്ളാസ്റ്റിക് കവറുകൾക്ക് പകരം ചകിരിക്കപ്പിൽ തയ്യാറാക്കിയ വൃക്ഷത്തൈകൾ

പത്തനംതിട്ട: പേപ്പർ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന യൂക്കാലി, അക്കേഷ്യ, മാഞ്ചിയം മരങ്ങൾ സംസ്ഥാനത്തെ വനങ്ങളിൽ നിന്ന് ഒഴിയുന്നു. ഇൗ ഭാഗങ്ങളിൽ സ്വാഭാവിക വനവൃക്ഷങ്ങൾ വളരാൻ സാഹചര്യമൊരുക്കും.

വനംവകുപ്പിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് യൂക്കാലി പോലുള്ള മരങ്ങൾ നട്ടു വളർത്തിയത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് (എച്ച്.എൻ.എൽ) വേണ്ടിയാണ് മരങ്ങൾ നട്ടുപിടിപ്പിച്ചത്. 1983ലാണ് എച്ച്.എൻ.എല്ലുമായി വനംവകുപ്പ് കരാറിലേർപ്പെട്ടത്. എച്ച്. എൻ.എൽ 2018ൽ പൂട്ടിയതോടെ മൂന്നര പതിറ്റാണ്ടായി ഉപയോഗിച്ചിരുന്ന അക്കേഷ്യ, മാഞ്ചിയം, യൂക്കാലി മരങ്ങൾക്ക് ആവശ്യക്കാരില്ലാതായി.

ഇടുക്കി, കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി ലക്ഷക്കണക്കിന് മരങ്ങളുണ്ട്. ആദ്യഘട്ടമായി ഇടുക്കി മൂന്നാറിൽ മരങ്ങൾ മുറിച്ചു തുടങ്ങി. മറ്റിടങ്ങളിൽ ഘട്ടംഘട്ടമായി മുറിക്കും. വനത്തിന് പുറത്തുള്ള മരങ്ങൾ ലേലത്തിൽ വിൽക്കും. പ്ളൈവുഡ് നിർമ്മാണത്തിന് ഇൗ മരങ്ങൾ ഉപയോഗപ്പെടും. വന്യജീവി സങ്കേതങ്ങളിലെ മരങ്ങൾ പുറത്ത് വിൽക്കാൻ വനനിയമം അനുവദിക്കാത്തതിനാൽ അവിടെത്തന്നെ ഉപേക്ഷിച്ചേക്കും.

ഈ മരങ്ങൾ വെട്ടിമാറ്റുന്ന ചില ഭാഗങ്ങളിൽ തേക്ക് വച്ച് പിടിപ്പിക്കാനും പദ്ധതിയുണ്ട്.

ബഡ് തൈകൾക്ക് ഇനി ചകിരി കപ്പ്

സാമൂഹിക വനവൽക്കരണത്തിന് നൽകുന്ന ബഡ് തൈകൾ ഇനി ചകിരി കപ്പുകളിൽ. മുൻപ് പ്ളാസ്റ്റിക് കവറുകൾ ഉപയോഗിച്ചത് പരിസ്ഥിതിക്ക് ദോഷമാകുന്നത് കണ്ടാണ് മാറ്റം. പറമ്പിക്കുളത്ത് നിർമ്മിക്കുന്ന ചകിരിയും കയറും ചേർന്ന കപ്പുകളിലാണ് ഇനി തൈകൾ ലഭിക്കുക.

'' പേപ്പർ മില്ലുകൾക്ക് വേണ്ട മരങ്ങളുടെ ആവശ്യം കുറഞ്ഞു. അത്തരം മരങ്ങൾ നീക്കം ചെയ്ത് സ്വാഭാവിക വനം വ്യാപിപ്പിക്കും.

സി.കെ ഹാബി, സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ.

Advertisement
Advertisement