തപസ്യയിലെ നൃത്തച്ചുവടുകൾക്ക് കുരുവികളുടെ സംഗീതം

Saturday 05 June 2021 12:24 AM IST
വീട്ടുമുറ്റത്തെ കുരുവിക്കൂട് പരിപാലിക്കുന്ന സുമ നരേന്ദ്ര

അടൂർ: കണ്ണങ്കോട് തപസ്യയിൽ ഉയരുന്ന നൃത്തച്ചുവടുകൾക്ക് കുരുവികൾ സംഗീതമൊരുക്കും. വീട് ഡാൻസ് സ്കൂൾ കൂടിയായതിനാൽ ലോക്ക് ഡൗൺ കാലത്ത് ടീച്ചർ സുമാനരേന്ദ്രയും മകൾ രഞ്ജിനി കൃഷ്ണയുമായണ് നൃത്തം അഭ്യസിക്കുന്നത്. വീട്ടുമുറ്റത്തെ ചുണ്ടക്കയുടെ ഇലകളിലാണ് കുരുവിക്കൂട്. തള്ളക്കുരുവിയും രണ്ടു കുഞ്ഞുങ്ങളുമുണ്ട്. വീടിനോട് ചേർന്നുള്ള തപസ്യ കലാക്ഷേത്രയിൽ താളച്ചുവടുകൾ മുറുകുമ്പോൾ തൊട്ടടുത്ത് കുരുവികളുടെ നാദലയം.

അമ്മക്കുരുവിയും മക്കളുമൊത്തുള്ള ജീവിതം ഇവിടെ കൗതുക കാഴ്ചയാണ്. സുമ, ഭർത്താവ് സുരേഷ്കുമാർ, മക്കൾ ഗൗതം, രഞ്ജിനി എന്നിവർക്കൊപ്പം ഇണങ്ങിയും പിണങ്ങിയുമാണ് കുരുവികൾ കഴിയുന്നത്. ഇത് മൂന്നാം തവണയാണ് വീട്ടിലെ മഴമറയ്ക്കുള്ളിലെ ചുണ്ടക്കയിൽ കുരുവികൾ കൂടൊരുക്കിയത്. ആദ്യം അഞ്ച് കുരുവികളുണ്ടായിരുന്നു. രണ്ടാം തവണ നാല് കുഞ്ഞുങ്ങളും അമ്മയും. ഇപ്പോൾ മൂന്ന് കുഞ്ഞുങ്ങൾ.

കുരുവികൾക്ക് വെള്ളവും തീറ്റിയും വീട്ടുകാർ നൽകും. അമ്മക്കുരുവി തീറ്റ തേടി പോകുന്ന സമയങ്ങളിൽ കുഞ്ഞുങ്ങളുടെ സംരക്ഷണം സുമയും മക്കളുമാണ്. കുരുവിക്കൂട്ടിൽ ഉറുമ്പുകൾ കയറാതെ നോക്കണം. ഒരു ദിവസം പതിവില്ലാത്ത ശബ്ദത്തിൽ തള്ളക്കുരുവി ചിലയ്ക്കുന്നത് കേട്ട് നോക്കിയപ്പോൾ കൂട്ടിലെ കുഞ്ഞുങ്ങളെ ഉറുമ്പു പൊതിയുന്നു. ഉടനെ വെളുത്തുളളി ചുണ്ടക്കയിലും കുരുവിക്കൂട്ടിലും ചതച്ചുതേച്ചു. ഉറുമ്പിനെ അകറ്റിയാൽ മാത്രം പോര, പൂച്ചകളുടെ ശല്യവും ഒഴിവാക്കണം. കുരുവിയുടെ മുട്ട വിരിഞ്ഞ് രണ്ടാഴ്ചയോളം ആകുമ്പോൾ കുഞ്ഞുങ്ങൾ പറക്കും.

കുരുവികളെ ആരും ശല്യം ചെയ്യാത്തതിനാൽ കൂട്ടുകാരായി മാറിയെന്ന് സുമ പറയുന്നു. വെള്ളവും തീറ്റയും വച്ചു കൊടുക്കുമ്പോൾ തള്ളക്കുരുവി അടുത്തു തന്നെയുണ്ടാകും.

കലാകാരിയായ സുമ മാതൃകാ കർഷക അവാർഡ് ജേതാവുമാണ്. മട്ടുപ്പാവിലെ കൃഷിക്ക് 2019ൽ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 2015 ൽ അടൂർ നഗരസഭയുടെ വനിതാ കർഷക അവാർഡ് ലഭിച്ചു. അടൂർ നഗരസഭ ജൈവ വൈവിദ്ധ്യ മാനേജിംഗ് കമ്മിറ്റിയംഗം, ഹരിതകർമ്മസേന ജില്ലാ സമിതിയംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്ന് ബി.എ ഭരതനാട്യം ഒന്നാം റാങ്കോടെ പാസായി. തഞ്ചാവൂർ സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ എം.എ ബിരുദം നേടി. ഭരതനാട്യത്തിലും ഫിലോസഫിയിലും എംഫിൽ ചെയ്യുകയാണിപ്പോൾ.

Advertisement
Advertisement