ബഡ്‌ജറ്റ് സമഗ്ര വികസനത്തിന് : കേരള ബാങ്ക് സി.ഇ.ഒ

Saturday 05 June 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് മഹാമാരി മൂലമുണ്ടായ തിരിച്ചടികളെ ഒരു പരിധിവരെ മറികടക്കാനും കാർഷികരംഗത്തെ വിലത്തകർച്ച ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുമുള്ള പദ്ധതികളാണ് ബഡ്ജറ്റിലുള്ളതെന്ന് കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി.എസ്.രാജൻ പറഞ്ഞു.


മറ്റ് ഉത്പ്പാദന രംഗങ്ങൾ, ടൂറിസം എന്നീ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളാണ് ബഡ്ജറ്റിലുള്ളത്. സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി കേരള ബാങ്കിനെയും സഹകരണ പ്രസ്ഥാനത്തെയും കാർഷിക മേഖലയുടെ വികസനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ 2000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന വായ്പ നബാർഡിൽ നിന്ന് കേരള ബാങ്കിലൂടെ പ്രാഥമിക സംഘങ്ങൾക്ക് നൽകും. ഈ പണവും സഹകരണ സംഘങ്ങളുടെ ഫണ്ടും ഉപയോഗിച്ച് കാർഷിക മേഖലയിലെ മൂലധന നിക്ഷേപം പതിന്മടങ്ങു വർദ്ധിപ്പിക്കുമെന്നത് ആശാവഹമാണ്. കാർഷിക മേഖലയിലെ മൂലധനം വർദ്ധിപ്പിക്കുന്നതനുസരിച്ച് തൊഴിലവസരങ്ങളിലും കുതിച്ചുചാട്ടം ഉണ്ടാകും.

സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പരിപോഷിപ്പിക്കാൻ വിപുലമായ പദ്ധതിയാണ് ബഡ്ജറ്റിലുള്ളത്. മറ്റു ബാങ്കുകൾക്കൊപ്പം കേരള ബാങ്കും ഇതിൽ പങ്കാളിയാകും. കാർഷിക വായ്പകൾ ഗണ്യമായി വർദ്ധിപ്പിക്കാൻ നബാർഡിന്റെ പിന്തുണയോടെ പുതിയ പദ്ധതികൾ ആരംഭിക്കും. പ്രവാസി പുനരധിവാസത്തിന് നോർക്കയിലൂടെ നടപ്പാക്കുന്ന വായ്പാബന്ധിത തൊഴിൽ പദ്ധതികളിൽ കേരള ബാങ്ക് പ്രധാന പങ്കുവഹിക്കുമെന്നും സി.ഇ.ഒ വ്യക്തമാക്കി.

Advertisement
Advertisement