പരിസ്ഥിതിക്ക് സമഗ്രപദ്ധതി, തുടക്കത്തിൽ 50 കോടി

Saturday 05 June 2021 12:26 AM IST

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിനായി സമഗ്രപാക്കേജ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചു. ജലവിഭവ, പരിസ്ഥിതി, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബൃഹദ്പദ്ധതിയുടെ ആദ്യഘട്ടമായി 50 കോടി രൂപ വകയിരുത്തി.

2018ലെ പ്രളയം മാനദണ്ഡമാക്കി നടത്തിയ പഠനങ്ങളിൽ ജലാശയങ്ങളുടെയും നദീതട സംവിധാനങ്ങളുടെയും ജലം വഹിക്കാനുള്ള ശേഷി ഉയർത്തിയാൽ വെള്ളപ്പൊക്കം ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കാമെന്ന് കണ്ടെത്തിയിരുന്നു. കനാലുകളുടെ വശങ്ങൾ വൃത്തിയായി സംരക്ഷിക്കുക, ആഴം കൂട്ടുക, ‌ഡാമുകളിലും നദികളിലും അടി‌ഞ്ഞ മണ്ണ് നീക്കം ചെയ്യുക, തീ‌രദേശത്ത് കണ്ടൽക്കാടുകൾ ഉപയോഗിച്ച് സംരക്ഷണഭിത്തികൾ നിർമ്മിക്കുക, കരകളുടേയും ബണ്ടുകളുടേയും ഉയർന്നഭാഗങ്ങളെ ശക്തിപ്പെടുത്തി കൂടുതൽ ഉയർത്തുക, സ്വതന്ത്രമായ നീരൊഴുക്കിന് താഴ്ന്ന ബണ്ടുകൾ നീക്കം ചെയ്യുക, നദികളും കനാലുകളും ഡ്രൈഡ്ജ് ചെയ്യുക, തടാകങ്ങൾ, ജലസേചന കനാലുകൾ, കായലുകൾ എന്നിവ ബന്ധിപ്പിച്ച് ജലസംഭരണ പ്രദേശങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ഭാഗമായ പ്രവൃത്തികൾ.

മത്സ്യമേഖലയ്ക്ക് 5 കോടി

മത്സ്യമേഖലയിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് 5 കോടി രൂപ അനുവദിച്ചു.

മത്സ്യത്തിന്റെ ആദ്യവിൽപ്പനാവകാശം ഉറപ്പുവരുത്തുന്നതിനും ന്യായവില ഉറപ്പാക്കുന്നതിനുമായി 'കേരള മത്സ്യലേലം, വിപണനം, ഗുണനിലവാര പരിപാലന നിയമം, ഓർഡിനസായി കൊണ്ടുവന്നിട്ടുണ്ട്. അക്വേറിയം പരിഷ്‌കാരങ്ങൾ സംബന്ധിച്ച് സമഗ്രപഠനം നടത്തി നിയമം കൊണ്ടു വരും.

Advertisement
Advertisement