വെറും പ്രഖ്യാപനങ്ങളുടെ ബഡ്ജറ്റ്: പ്രൊഫ. ബി.എ. പ്രകാശ്

Saturday 05 June 2021 12:56 AM IST

പ്രൊഫ. ബി.എ പ്രകാശ് , സാമ്പത്തിക ശാസ്ത്രജ്ഞൻ

ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന 20,000 കോടി രൂപയുടെ പാക്കേജ് എങ്ങനെ നടപ്പാക്കുമെന്നോ പണം എങ്ങനെ കണ്ടെത്തുമെന്നോ വ്യക്തമായി പറഞ്ഞിട്ടില്ല. വിഭവങ്ങളുടെ പിൻബലമില്ലാതെ പ്രഖ്യാപിച്ച പാക്കേജ് വെറും പ്രഖ്യാപനമായി ഒതുങ്ങാനാണ് സാദ്ധ്യത.

സംസ്ഥാനം കൊവിഡ് മൂലം അതിരൂക്ഷമായ ധനകാര്യ തകർച്ചയാണ് നേരിടുന്നത്. റവന്യു കമ്മിയും ധനക്കമ്മിയും 60 ശതമാനത്തോളം വർദ്ധിച്ചു. ഈ സാഹചര്യത്തിൽ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളൊന്നും ബഡ്ജറ്റിലില്ല. കൊവിഡ് വീണ്ടും സാമ്പത്തികനിലയെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ധനസ്ഥിതി മെച്ചപ്പെടുത്താതെ പദ്ധതികൾ പ്രഖ്യാപിച്ചാൽ അവ പൂർത്തീകരിക്കാനാവില്ല.

കൊവിഡ് ഒരുപാട് മേഖലകളെ തകർത്തിട്ടുണ്ട്. അവയെ പുനരുദ്ധരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എങ്ങനെയെന്ന കാര്യത്തിൽ വ്യക്തതയില്ല. ആരോഗ്യരംഗം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വാഗതാർഹമാണ്. അതൊഴിച്ച് മറ്റ് മേഖലകളിലെ പ്രഖ്യാപനങ്ങളൊക്കെ പ്രായോഗികമാക്കാൻ ബുദ്ധിമുട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ നികുതി വർദ്ധിപ്പിക്കാൻ സാധിക്കില്ല. അക്കാര്യത്തിൽ ധനമന്ത്രി സ്വീകരിച്ചത് ശരിയായ നിലപാടാണ്. പക്ഷെ, അനാവശ്യമായ ചെലവുകൾ, മുൻഗണന വേണ്ടാത്ത പദ്ധതികൾ എന്നിവയൊക്കെ മാറ്റിവയ്ക്കാമായിരുന്നു. ആ തുക കൂടി സാമ്പത്തികമായി തകർന്ന മേഖലകൾക്കും ആളുകൾക്കും സഹായം നൽകാനായി ഉപയോഗിക്കാമായിരുന്നു, അത്തരത്തിലൊരു നിർദ്ദേശം ഉണ്ടായിട്ടില്ല. ജീവിക്കാൻ വഴിയടഞ്ഞ നിരവധിയാളുകളുണ്ട്. ഭക്ഷ്യക്കിറ്രുകൾ കൊടുക്കുന്നത് നല്ലതാണെങ്കിലും അതിനുമപ്പുറം അവർക്ക് താങ്ങായി നിൽക്കുന്നതിനുള്ള നടപടികൾ വേണ്ടിയിരുന്നു.

താരതമ്യം ചെയ്യാൻ കഴിയില്ല

മേരി ജോർജ്ജ്, സാമ്പത്തിക വിദഗ്‌ദ്ധ

ജനുവരി 15 ന് തോമസ് ഐസക് അവതരിപ്പിച്ച ബഡ്‌ജറ്റിന്റെ തുടർച്ചയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത്. എന്നാൽ, തോമസ് ഐസക് ബഡ്ജറ്റ് അവതരിപ്പിച്ച സാഹചര്യമല്ല ഇന്നുള്ളത്. അത് കൊവിഡിൽ നിന്ന് കരകയറി വരുന്ന സമ്പദ്ഘടന ലക്ഷ്യമാക്കിയുള്ള ബഡ്ജറ്റായിരുന്നു. ഇലക്ഷൻ ബഡ്‌ജറ്റ്‌ എന്ന രീതിയിൽ ഒരുപാട് വാഗ്ദാനങ്ങളോടെ നികുതി നിർദ്ദേശങ്ങളില്ലാതെ അവതരിപ്പിച്ചത്. സർക്കാർ വീണ്ടും അധികാരത്തിൽ വന്നപ്പോൾ അതേ ബഡ്‌ജറ്റ്‌ വീണ്ടും മിനുക്കിയെടുക്കുകയായിരുന്നു.

കൊവിഡ് രണ്ടാം തരംഗം സമ്പദ്ഘടനയെ വീണ്ടും മാന്ദ്യത്തിലാഴ്ത്തി. മഹാമാരിയിൽ നിന്ന് രക്ഷനേടാനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ ബഡ്ജറ്റാണിത്. സാധാരണ ബഡ്ജറ്റുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ല. നികുതി നിർദ്ദേശങ്ങളും ധന സമാഹരണവും ചെലവ് ചുരുക്കലും എങ്ങനെയെന്ന് മനസിലാക്കാൻ ഈ ബഡ്‌ജറ്റിലൂടെ കഴിയില്ല. അതിന് അടുത്ത ബഡ്‌ജറ്റ്‌ വരെ കാത്തിരിക്കണം.

ടൂറിസം, കാർഷിക,വ്യാവസായിക മേഖല എന്നിവയെ എങ്ങനെ വികസിപ്പിക്കും, മടങ്ങിവരുന്ന പ്രവാസികളെ എങ്ങനെ സംരക്ഷിക്കും എന്നിങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നില്ല. ഇവയൊക്കെ പരിശോധിച്ചാണ് ധനമന്ത്രിയെ വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണ പാടവം, നികുതി സമാഹരണ ശേഷി എന്നിവ തിരിച്ചറിയുന്നത് അങ്ങനെയാണ്.

എല്ലാകാര്യങ്ങളും നന്നായി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയും രാഷ്ട്രീയ പ്രവർത്തകനുമാണ് ബാലഗോപാൽ. ഈ ബഡ്ജറ്റ് വച്ച് അദ്ദേഹത്തിന് മാർക്കിടാൻ കഴിയില്ല.

Advertisement
Advertisement