കാക്കണം കേരള ഫുട്ബാളിനെ...

Saturday 05 June 2021 3:12 AM IST

ഴിഞ്ഞ ദിവസങ്ങളിൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച 'കേരള ഫുട്ബാളിനെ കാർന്നുതിന്നുന്നവർ' എന്ന പരമ്പരയെക്കുറിച്ച് ഫുട്ബാൾ രംഗത്തെ പ്രമുഖർ പ്രതികരിക്കുന്നു

കരാറിൽ തകരാറുമാത്രം

കേരള കൗമുദിയിലെ പരമ്പര വായിച്ചു. കെ.എഫ്.എ കമ്പനിയുമായി വച്ചിരിക്കുന്ന കരാർ വ്യവസ്ഥകളെക്കുറിച്ച് അറിഞ്ഞപ്പോൾ തുറുപ്പുഗുലാൻ സിനിമയിൽ ജഗതിയുടെ കഥാപാത്രം ഹോട്ടൽ ലീസിനെടുക്കാൻ ഉണ്ടാക്കിയ കരാറാണ് ഓർമ്മവന്നത്. മുതലാളിയുടെ വാഹനം പാർക്ക് ചെയ്യാൻ സൗകര്യം വേണമെന്ന് പറയുമ്പോൾ ആനപ്പുറത്തുവരുന്ന മുതലാളിയെപ്പോലെയാണ് സ്വകാര്യ കമ്പനിയുടെ കടന്നുവരവ്. കരാറിൽ ഒളിഞ്ഞിരിക്കുന്ന വ്യവസ്ഥകളിലൂടെ കെ.എഫ്.എയെ ഹൈജാക്ക് ചെയ്യാനുള്ള ഗൂഡനീക്കമാണിത്.അതിലേറെ ഗുരുതരമായ കാര്യം വിൽക്കുന്നവരും വാങ്ങുന്നവരും ഒന്നാണെന്നതാണ്. ഫുട്ബാൾ ലോകം ഒന്നിച്ചുനിന്ന് എതിർക്കേണ്ട കാര്യമാണിത്.ഇപ്പോൾ എതിർത്തില്ലെങ്കിൽ ഇവിടെ ഫുട്ബാൾ ഇല്ലാതെയാകും, കച്ചവടം മാത്രമാകും.

- സി.വി പാപ്പച്ചൻ

മുൻ ഇന്ത്യൻ താരം

കാൽപന്തുകളിയെ നശിപ്പിക്കരുത്

അഴിമതിയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന കേരള ഫുട്ബാൾ അസോസിയേഷന്റെ വിൽപ്പനക്കരാർ തികഞ്ഞ അസംബന്ധമാണ്. കളിക്കാരെയും ക്ളബുകളെയും മറന്ന് സ്വകാര്യകമ്പനിക്ക് അടിയറവ് വയ്ക്കാൻ ഒരുങ്ങുന്നത് ഇപ്പോൾ കെ.എഫ്.എ തലപ്പത്ത് ഇരിക്കുന്നവരും കമ്പനി ഉടമകളും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ തെളിവാണ്. ഈ കരാറിൽ നിന്ന് പിന്മാറിയില്ലെങ്കിൽ പരസ്യമായ പ്രതിഷേധ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ മുൻ താരങ്ങൾ അടക്കമുള്ളവർ നിർബന്ധിതരാകും.

- തോബിയാസ്,മുൻ കേരള താരം

നിയമപരമായി ഇടപെടണം

കാര്യങ്ങൾ ശരിയായി പഠിക്കണം. പ്രൊഫഷണലിസം ഫുട്ബാളിൽ വരിക തന്നെവേണം. പഴയ ടൂർണമെന്റുകൾ തിരികെ വരണം. കൃത്യമായ ഘടനയുണ്ടാകണം. ഇപ്പോഴത്തെ കരാർ തെറ്റാണെങ്കിൽ നിയമപരമായി ഇടപെടുകയും ഗവൺമെന്റിനെ ഇടപെടുത്തുകയും വേണം. മുൻതാരങ്ങളുടെ പ്രസ്താവന മാത്രം പോര. അവസരവാദികൾ സാഹചര്യം മുതലെടുത്തും രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ചും കോച്ചും സെലക്ടറും മാനേജരും ഉൾപ്പടെയുള്ള പദവികൾ നേടിയെടുക്കാനായി മാത്രം ഈ വിവാദത്തെ ഉപയോഗിക്കരുത്.

- എബിൻ റോസ്, മുൻ കേരള താരം,പരിശീലകൻ

Advertisement
Advertisement