കൊടകര കുഴൽപ്പണക്കേസിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ

Sunday 06 June 2021 12:00 AM IST

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിൽ സമഗ്ര ജുഡിഷ്യൽ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ എം.പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ബി.ജെ.പി നേതാക്കൾ ആരോപണവിധേയരായ കേസിൽ ഇതുവരെ വീഴ്ചയുണ്ടായതായി ശ്രദ്ധയിലില്ല. എന്നാൽ, സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഹെലികോപ്റ്റർ ഉപയോഗിച്ചത് പോലും പണം കടത്താനാണെന്ന ആരോപണമുയർന്നിരിക്കുകയാണ്. ഘടകകക്ഷികൾക്ക് പണം നൽകി. ഇതെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരണമെന്നതിനാലാണ് ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നത്.

സംസ്ഥാനസർക്കാരിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾക്കെതിരെ സംസ്ഥാനത്തും അന്വേഷണം നടക്കുന്നു. അതിനാൽ അന്വേഷണത്തിൽ ഒരു അന്തർധാര രൂപപ്പെടാനിടയുണ്ട്. എല്ലാ കാര്യങ്ങളും അന്വേഷിച്ചാൽ നരേന്ദ്രമോദിയിൽ വരെ എത്തും. ഏഴര വർഷം കൊണ്ട് ബി.ജെ.പിയിതര സർക്കാരുകളെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകർക്കാനും കോടികൾ ചെലവഴിച്ച പാർട്ടിയാണ് ബി.ജെ.പി. അതിനാൽ കൊടകര കേസിന്റെ പശ്ചാത്തലത്തിൽ സമഗ്ര ജുഡിഷ്യൽ അന്വേഷണമുണ്ടായാൽ ജനാധിപത്യ-മതേതര കക്ഷികളെല്ലാം അതിനെ സ്വാഗതം ചെയ്യും. അതിന് തയാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Advertisement
Advertisement