ന്യൂനപക്ഷ സ്കോളർഷിപ്പ്: സർക്കാരിന് പിടിവള്ളി കോശി കമ്മിഷൻ മാത്രം

Sunday 06 June 2021 12:27 AM IST

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ സംസ്ഥാന സർക്കാരിന് മുന്നിലെ പിടിവള്ളി ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ മാത്രമെന്ന് വിദഗ്ദ്ധർ.

വിധി മറികടക്കാനുള്ള പോംവഴികളാരായാൻ നിയമപരമായ പരിശോധനയും വിദഗ്ദ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും നടത്താനാണ് കഴിഞ്ഞ ദിവസത്തെ സർവ്വകക്ഷിയോഗത്തിലുണ്ടായ ധാരണയെങ്കിലും വിധിയെ ചോദ്യം ചെയ്യുന്നത് തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഭരണഘടനാപരമായ വിവേചനമാണ് ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിനെതിരായ പുന:പരിശോധനാ ഹർജിയും അപ്പീലും നിലനിൽക്കില്ല.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സച്ചാർ കമ്മിറ്റി സ്കീം ഇംപ്ലിമെന്റേഷൻ സെൽ എന്ന പേരിലോ സമാനമായ മറ്റെന്തെങ്കിലും പേരിലോ പ്രത്യേക വിഭാഗമുണ്ടാക്കി മുസ്ലിം സമുദായത്തിനുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിർദ്ദേശം പ്രായോഗികമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അപ്പോൾ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് വിവേചനമില്ലാതിരിക്കണമെങ്കിൽ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടാണ് സർക്കാരിന് ആശ്രയിക്കാവുന്ന മാർഗം. കോശി കമ്മിഷന്റെ റിപ്പോർട്ട് എത്രയുംവേഗം ലഭ്യമാക്കി അതിനനുസരിച്ച് ആനുകൂല്യവിതരണത്തിന് സംവിധാനമുണ്ടാക്കുകയും മുസ്ലിം സമുദായത്തിന് സച്ചാർകമ്മിറ്റി റിപ്പോർട്ട് പ്രകാരം ആനുകൂല്യങ്ങൾ നൽകുകയും ചെയ്താൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ തീർക്കാമെന്നാണ് നിഗമനം.

  • ദേശീയാടിസ്ഥാനത്തിൽ മുസ്ലിം ജനവിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട രജീന്ദർ സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് കൊണ്ടുവന്നത്.
  • സച്ചാർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ 2006-11ലെ അച്യുതാനന്ദൻ സർക്കാരാണ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ കമ്മിഷനെ വച്ചത്. കമ്മിഷൻ റിപ്പോർട്ടിലാണ് 80 : 20 അനുപാതത്തിൽ മുസ്ലിങ്ങൾക്കൊപ്പം പിന്നാക്ക ക്രൈസ്തവർക്ക് കൂടി സ്കോളർഷിപ്പ് പ്രാവർത്തികമാക്കി ഉത്തരവിറക്കിയത്.
  • പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാർ ഇതുസംബന്ധിച്ച ഉത്തരവുകൾ റദ്ദാക്കിയില്ലെന്ന് മാത്രമല്ല, 2015ൽ അവ പുതുക്കുകയും ചെയ്തു.
  • മുസ്ലിങ്ങളുടെ മാത്രം പ്രശ്നം പഠിച്ച രജീന്ദർ സച്ചാർ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കുന്ന ഘട്ടത്തിൽ കേരളത്തിൽ അതേപ്പറ്റി പഠിച്ച കമ്മിറ്റി ക്രൈസ്തവ പിന്നാക്കക്കാരെയും ഉൾപ്പെടുത്തിയതാണിപ്പോൾ പൊല്ലാപ്പായി മാറിയത്.

Advertisement
Advertisement