റഹ്മാൻ സംഗീതത്തിന് ശബ്ദമേകാൻ ഗായത്രി

Sunday 06 June 2021 12:39 AM IST

കൊച്ചി: എ.ആർ.റഹ്മാന്റെ സംഗീതത്തിന് ശബ്ദമേകാനുള്ള നിയോഗം തേടിയെത്തിയ സന്തോഷത്തിലാണ് ഗായത്രി രാജീവ്. റഹ്മാൻ നടത്തിയ സംഗീത മത്സര വിജയികളിൽ പത്തുപേരിൽ ഒരാളാണ് ഗായത്രി. 99 സോംഗ് കവർ സ്റ്റാർ മത്സരത്തിൽ ഏപ്രിലിലാണ് കാക്കനാട് സ്വദേശിയായ ഗായത്രി പങ്കെടുത്തത്.
സംഗീതപ്രാധാന്യമുള്ള '99 സോംഗ്സ്' സിനിമയുടെ പ്രമോഷന്റെ ഭാഗമായായി​രുന്നു മത്സരം. ആയിരത്തിലേറെ പേർ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം സൂംമീറ്റിംഗിൽ നേരിട്ട് എ.ആർ.റഹ്മാനെത്തി ഗായത്രിക്ക് ആശംസകൾ നേർന്നു. ഒപ്പം തന്റെ അടുത്ത സിനിമകളിൽ പാടാൻ പത്ത് പേർക്കും അവസരം വാഗ്‌ദാനം ചെയ്തു.

'99 സോഗ്സി'ലെ 'സീമന്തപ്പൂ' എന്നുതുടങ്ങുന്ന പാട്ടാണ് ഹാഷ് ടാഗോടെ ഇൻസ്റ്റഗ്രാമിലും മറ്റും അപ്‌ലോഡ് ചെയ്തത്. സോഷ്യൽമീഡിയയും സംഭവം ഇരുകൈയും നീട്ടി സ്വീകരിച്ചു.
ശബ്ദം കൊണ്ട് എ.ആർ.റഹ്മാനെ മാത്രമല്ല ശ്രേയ ഘോഷാലിനെയും ഗായത്രി​ കൈയിലെടുത്തിട്ടുണ്ട്. ശ്രേയ ഘോഷാലി​ന്റെ യുവപ്രതിഭ ചലഞ്ചിലും ഗായത്രി വിജയിയായി​രുന്നു.
ഗൗതം വിൻസന്റ്, അമൃത രാജൻ എന്നീ മലയാളികളും പത്തുപേരിൽ ഇടംപിടിച്ചിട്ടുണ്ട്. ആറാം വയസുമുതൽ കർണാടക സംഗീതം പഠിക്കുന്ന ഗായത്രി ഐ.ഐ.ടി ഭുവനേശ്വറിൽ എം.ടെക് വിദ്യാർത്ഥിനിയാണ്. 'തിരികെ' സിനിമക്ക് വോയ്‌സ് ഓവർ പാടിയിട്ടുണ്ട്. സ്റ്റേറ്റ് മാരിടൈം ബോർഡിലെ ചീഫ്‌ മെക്കാനിക്കൽ എൻജിനീയർ രാജീവ് മേനോന്റെയും ബിസിനസ് നടത്തുന്ന സോണിയയുടെയും മകളാണ്.

Advertisement
Advertisement