സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു

Sunday 06 June 2021 12:40 AM IST

തിരുവനന്തപുരം: സൗദി അറേബ്യയിലെ നജ്രാനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. തിരുവനന്തപുരം അവണാകുഴി സ്വദേശി അശ്വതി വിജയൻ (31), കോട്ടയം കുഴിമറ്റം സ്വദേശി ഷിൻസി ഫിലിപ്പ് (28) എന്നിവരാണ് മരിച്ചത്. ഇന്നലെ ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. നജ്രാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണിവർ. പരിക്കേറ്റ സ്‌നേഹ, റിൻസി, ഡ്രൈവർ അജിത് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരും മലയാളികളാണ്.

അവണാകുഴി താന്നിമൂട് ഹരേ രാമ ഹൗസിൽ ജിജോഷ് മിത്രയുടെ ഭാര്യയാണ് അശ്വതി. ദിക്ഷ ജിജോഷ്, ദയാൽ ജിജോഷ് എന്നിവരാണ് മക്കൾ.

ബഹറിനിൽ നഴ്സായ കോട്ടയം കുഴിമറ്റം പാച്ചിറത്തോപ്പിൽ ബിജോ കുര്യന്റെ ഭാര്യയും കുറവിലങ്ങാട് വയല എടച്ചേരിത്തടത്തിൽ ഫിലിപ്പിന്റെയും ലീലാമ്മയുടെയും മകളുമാണ് ഷിൻസി ഫിലിപ്പ്. നജ്രാനിലെ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് ബഹറിനിൽ ഭർത്താവിന്റെയടുത്തേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു ഷിൻസി. കഴിഞ്ഞ ജനുവരി 24നായിരുന്നു വിവാഹം.

നജ്രാനിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതടക്കമുള്ള നടപടികൾക്ക് സൗദിയിലെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളുടെയും മലയാളി അസോസിയേഷന്റെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരുന്നു.

Advertisement
Advertisement