പത്തനംതിട്ടയിൽ 121 പച്ചത്തുരുത്തുകൾ

Sunday 06 June 2021 12:17 AM IST
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലെ പച്ചത്തുരുത്ത് നവീകരണ പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവഹിക്കുന്നു.

പത്തനംതിട്ട: ജില്ലയിൽ നിലവിലുള്ള 101 പച്ചത്തുരുത്തുകൾക്ക് പുറമേ വിവിധ തദേശസ്ഥാപനങ്ങളിലായി 20 പുതിയ പച്ചത്തുരുത്തുകൾക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. പച്ചത്തുരുത്തുകളിൽ നഷ്ടമായ തൈകൾ റീപ്ലാന്റ് ചെയ്ത് ഗ്യാപ്പ് ഫില്ലിംഗ് നടത്തുന്ന നവീകരണ പദ്ധതിയും നടത്തി.

തുമ്പമൺ ഗ്രാമപഞ്ചായത്തിലെ മുട്ടം ഗവ. സ്‌കൂളിൽ ആരംഭിച്ച പുതിയ പച്ചത്തുരുത്തിന്റെയും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലെ പച്ചത്തുരുത്ത് നവീകരണ പദ്ധതിയുടെയും ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവയെ നേരിടാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലെയും കുന്നന്താനം ഗ്രാമപഞ്ചായത്തിലെ ഡി.വി.എൽ.പി സ്‌കൂളിലെയും പച്ചത്തുരുത്ത് നവീകരണ പദ്ധതിയും കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ പച്ചത്തുരുത്ത് ഉദ്ഘാടനവും അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു.
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ബഥനി ഹൈസ്‌കൂളിലെ പുതിയ പച്ചത്തുരുത്ത് ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലെ പച്ചത്തുരുത്ത് നവീകരണ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭയിൽ വാർഡ് 25 ലെ കല്ലറകടവിൽ പുതിയ പച്ചത്തുരുത്ത് ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. കവിയൂർ ഗ്രാമപഞ്ചായത്തിൽ മുണ്ടിയപ്പള്ളി സി.എം.എസ് സ്‌കൂളിൽ സിനിമാ താരം പ്രശാന്ത് അലക്‌സാണ്ടർ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഹരികേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കൃഷിവകുപ്പ്, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യ വനവത്ക്കരണ വിഭാഗം, ജൈവവൈവിദ്ധ്യ ബോർഡ്, പരിസ്ഥിതി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്തുകൾ സൃഷ്ടിക്കുന്നത്.

പെരിങ്ങര മാതൃകാ പച്ചത്തുരുത്ത്

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾ നടത്തി മാതൃകയായി സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ പച്ചത്തുരുത്താണ് പെരിങ്ങരയിൽ. പ്രകൃതിയോടുളള കരുതലുമായി ജൈവവൈവിദ്ധ്യത്തിന്റെ നിറവിൽ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പ്രിൻസ് മാർത്താണ്ഡവർമ്മ ഹൈസ്‌കൂളിൽ 76.6 സെന്റിലായാണ് മാതൃകാ പച്ചത്തുരുത്ത് നിർമ്മിക്കുന്നത്. 250 ഓളം ഇനത്തിൽപ്പെട്ട സസ്യങ്ങളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് വിദ്യാർത്ഥികൾക്ക് ആവശ്യമായ ക്ലാസ് മുറികളും സജ്ജീകരിച്ച് ദേശീയ നിലവാരത്തിലേക്ക് ഉയരുന്ന തലത്തിലുളള ബയോപാർക്കാണ് മാതൃകാ പച്ചത്തുരുത്തിലൂടെ ലക്ഷ്യമിടുന്നത്.

Advertisement
Advertisement