മലയാളം വിലക്കിയ നടപടി ഭരണഘടനയോടുളള വെല്ലുവിളി, തീരുമാനം പിൻവലിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് ശിവൻകുട്ടി

Sunday 06 June 2021 12:53 PM IST

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളമെന്നും കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി പുറത്തിറക്കിയ ഉത്തരവ് വിചിത്രമായിരുന്നുവെന്നും പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടിറക്കിയ സർക്കുലർ ഇന്ത്യൻ ഭരണഘടനയോട് തന്നെയുള്ള വെല്ലുവിളി ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്തിരിയണമെന്ന ആവശ്യം ശക്തമായതോടെ ഉത്തരവ് പിൻവലിച്ച് ആശുപത്രി അധികൃതർ രംഗത്ത് വന്നിട്ടുള്ളതായി മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു. ഈ നടപടിയെ സ്വാഗതം ചെയ്യുന്നു. ആശുപത്രി അധികൃതർക്ക് ഡൽഹി സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയതായും അറിയുന്നു. സർക്കുലർ ഇറക്കിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.