ട്രോളിംഗ് നിരോധനം, തീരത്ത് വീണ്ടും ദുരിതം

Monday 07 June 2021 12:18 AM IST

തോപ്പുംപടി: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം 9ന് അർദ്ധരാതി മുതൽ നിലവിൽ വരും. ഇനിയുള്ള 62 ദിനങ്ങൾ തൊഴിലാളികൾക്ക് വറുതിക്കും അപ്പുറത്തായിരിക്കും. ചെല്ലാനം ഹാർബർ അടച്ചു പൂട്ടിയിട്ട് മാസങ്ങളായി. രോഗബാധിതർ ഇവിടെ കൂടുതലായതിനാൽ വള്ളങ്ങളും മറ്റും ഇവർ കരക്ക് കയറ്റി വെച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ മാറിയതിനു ശേഷം കടലമ്മ കനിയുമെന്ന വിശ്വാസം ഇവർക്കുണ്ടെങ്കിലും തൊട്ടുപിറകെ കൂനുമ്മേൽ കുരുപോലെ നിരോധനം വന്നെത്തുന്നത്.കഴിഞ്ഞ കുറെ മാസങ്ങളായി തോപ്പുംപടി, മുനമ്പം ഹാർബറുകൾ ശൂന്യമാണ്.ഇന്ധന വിലവർദ്ധന ദിനംപ്രതി കൂടുന്നതിനാൽ ദുരിതത്തിലുമാണ്. പശ്ചിമകൊച്ചിയിലെ ഹാർബറിൽ നിന്നും മാത്രമായി 1500 ൽ പരം ബോട്ടുകളും വള്ളങ്ങളുമാണ് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നത്. വൈപ്പിൻ മേഖലകളിലെ ഹാർബറുകൾ ഇതിനോടകം പല തവണ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടു. തോപ്പുംപടി ഹാർബറിൽ നിന്നും പോകുന്ന ബോട്ടുകൾക്ക് നിരാശ മാത്രം ബാക്കി.വെറും കയ്യോടെയാണ് പലരും മടങ്ങി വരുന്നത്.വള്ളവും വലയും ബോട്ടും വാങ്ങാൻ വാങ്ങിയ പണം എങ്ങിനെ തിരിച്ചടക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നാലായിരത്തോളം ബോട്ടുകളാണ് നിലവിൽ സംസ്ഥാനത്ത് മത്സ്യ ബന്ധനം നടത്തുന്നത്. ചൂണ്ട ബോട്ട് എന്നറിയപ്പെടുന്ന ഗിൽ നെറ്റ് ബോട്ട് കൊച്ചി ഹാർബർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. രോഗം കൂടിയതോടെ അന്യസംസ്ഥാന തൊഴിലാളികൾ പലരും സ്വന്തം നാടുകളിലേക്ക് പോയി.ശേഷിക്കുന്നവരുടെ ചെലവും അസോസിയേഷന് പ്രതീക്ഷിച്ചതിലും ചിലവുകളാണ് ഉണ്ടാകുന്നത്. കായലോരത്തെ ഇന്ധന പമ്പുകളെല്ലാം ഒൻപതാം തിയതിയോടെ അടച്ചു പൂട്ടും. നിരോധന സമയത്ത് മറ്റു സംസ്ഥാനത്തെ ബോട്ടുകൾക്ക് കേരള തീരത്ത് മത്സ്യ ബന്ധനം നടത്താനുള്ള സർക്കാരിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന ബോട്ടുടമ അസോസിയേഷന്റെ ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും ആരും ചെവികൊള്ളുന്നില്ലെന്നാണ് ഇവരുടെ പരാതി. കിട്ടുന്ന മീനിന് ഹാർബറിൽ വില ഇല്ലെങ്കിലും മാർക്കറ്റുകളിൽ എത്തുമ്പോൾ പൊള്ളുന്ന വിലയാണ്.

Advertisement
Advertisement