ചെറുയാത്രകൾ എളുപ്പമാക്കാൻ ഏയ് ഓട്ടോ ആപ്പ്

Monday 07 June 2021 12:21 AM IST

കൊച്ചി: കൊവിഡ് കാലത്ത് നിയന്ത്രണങ്ങൾ പാലിച്ച് തൊഴിലെടുക്കാൻ ഓട്ടോറിക്ഷകളെ സഹായിക്കുന്ന ആപ്പ് തയ്യാർ. ഏയ് ഓട്ടോ എന്ന ആപ്പ് ഓട്ടോ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും പ്രയോജനകരമാണ്. ആൻഡ്രോയിഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ആപ്പ് സിനിമാ മാദ്ധ്യമപ്രവർത്തകനായ എൻ.ബി. രഘുനാഥാണ് വികസിപ്പിച്ചത്.

ഓരോ പ്രദേശത്തെയും ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്ത് സൗജന്യസേവനം ഉപയോഗിക്കാമെന്ന് രഘുനാഥ് പറഞ്ഞു. സാമൂഹികാകലവും സുരക്ഷയും പാലിച്ച് സൗകര്യപ്രദമായ സ്ഥലങ്ങളിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്യാം. ഓട്ടോ സ്റ്റാൻഡുകളിലെ തിരക്ക് കുറയ്ക്കാനും കഴിയും.

യാത്രയുമായി ബന്ധപ്പെട്ട യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഏയ് ഓട്ടോ ആപ്പിലൂടെ നടത്തില്ല. ഓട്ടോ ഡ്രൈവർമാർക്ക് സാധാരണഗതിയിലുള്ള യാത്രാചാർജ് യാത്രക്കാരിൽ നിന്ന് ഈടാക്കാം. ആർക്കും കമ്മിഷൻ നൽകേണ്ട. യാത്രക്കാരും സാധാരണ നിരക്കുകൾ മാത്രം നൽകിയാൽ മതി. അധികനിരക്കുകകൾ നൽകേണ്ട.

രജിസ്റ്റർ ചെയ്യാം

ഓട്ടോ തൊഴിലാളികൾ ഓട്ടോ ഡ്രൈവർ എന്ന ബട്ടണുപയോഗിച്ചും യാത്രക്കാർ യൂസർ എന്ന ബട്ടണുപയോഗിച്ചുമാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഓട്ടോ തൊഴിലാളികൾ വണ്ടി നമ്പർ, സ്ഥലം എന്നി അടുത്ത പേജിൽ രേഖപ്പെടുത്തണം. യാത്ര ചെയ്യേണ്ടവർ ബുക്ക് ചെയ്യുന്ന മുറയ്ക്ക് മുൻഗണനാക്രമത്തിൽ ഓട്ടോക്കാർക്ക് മെസേജ് ലഭിക്കും. അതനുസരിച്ചു യാത്രക്കാരെ കയറ്റി യാത്രകൾ നടത്താം.

യാത്ര ചെയ്യാനാഗ്രഹിക്കുന്നവരും ഏയ് ഓട്ടോ ആപ്പ് ഡൗൺലോഡ് ചെയ്ത് തങ്ങളുടെ പ്രദേശങ്ങളിൽ നിന്നുള്ള ഓട്ടോകൾ ആവശ്യം വരുന്ന സ്ഥലത്തുന്നിന് ബുക്ക് ചെയ്യാൻ കഴിയും.

ആപ്പിന്റെ സേവനം സൗജന്യം

ഏയ് ഓട്ടോ ആപ്പിന്റെ സേവനം സൗജന്യമാണ്. താല്പര്യമുള്ളവർക്ക് ഗൂഗിൾ പ്ലൈ സ്റ്റോറിൽ നിന്ന് ഏയ് ഓട്ടോ എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

Advertisement
Advertisement