ഹോർട്ടികൾച്ചർ ക്ലസ്റ്റർ ഡെവലപ്മെന്റ് പദ്ധതി: കേരളത്തെയും ഉൾപ്പെടുത്തണമെന്ന് മന്ത്രി പി. പ്രസാദ്

Monday 07 June 2021 12:00 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹോർട്ടികൾച്ചർ ക്ലസ്റ്റർ ഡെവലപ്മെന്റ് പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി പി.പ്രസാദ് കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമറിന് കത്തയച്ചു.

. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ്, ഗുജറാത്ത്, തെലുങ്കാന, ആന്ധ്രാ പ്രദേശ്, ത്രിപുര, മഹാരാഷ്ട്ര, കർണാടക, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ഹോർട്ടി കൾച്ചർ ക്ലസ്റ്റർ ഡെവലപ്മെന്റ് പദ്ധതി നടപ്പിലാക്കുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് സംസ്ഥാനത്തെ പ്രധാന ഹോർട്ടികൾച്ചർ വിളകളായ വാഴ, പൈനാപ്പിൾ, കുരുമുളക്, ഏലം മറ്റു സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
തുടർച്ചയായ പ്രകൃതി ദുരന്തങ്ങളാൽ ദുരിതത്തിലായ കർഷകർക്ക്‌ പ്രധാന വിളകളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഉപകാരപ്രദമായിരിക്കുമെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഈ മേഖലയിൽ നിക്ഷേപം വരികയും കയറ്റുമതി ത്വരിതപ്പെടുകയും ചെയ്യും. കാർഷിക മേഖലയിൽ വൻ വികസന മുന്നേറ്റം സാദ്ധ്യമാകും.

Advertisement
Advertisement