പരിസ്ഥിതി ദിനാചരണം: വേരൂന്നിയത് 2.25 ലക്ഷം തൈകൾ

Monday 07 June 2021 12:05 AM IST

കോഴഞ്ചേരി : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹരിത കേരളത്തിനായുള്ള വൃക്ഷത്തൈ വിതരണത്തിലൂടെ ജില്ലയിൽ വേരൂന്നിയത് 2 .25 ലക്ഷം തൈകൾ.

കൈപ്പട്ടൂർ, മുറിപ്പാറ, കലഞ്ഞൂർ - വാഴപ്പാറ എന്നിവിടങ്ങളിലെ നഴ്സറികളിലായി 4 ലക്ഷം തൈകളാണ് ഇത്തവണ വിതരണത്തിന് തയ്യാറാക്കിയത്. കൊവിഡും ലോക്ക് ഡൗണും കാരണം തൈകൾ വാങ്ങാനെത്തിയവരുടെ എണ്ണവും ഇത്തവണ കുറഞ്ഞു. സർക്കാർ ഏജൻസികളും സന്നദ്ധ, യുവജന സംഘടനകളും തൈകൾ വാങ്ങിയപ്പോൾ കൂട്ടമായും ഒറ്റയ്ക്കും വാങ്ങാനെത്തുന്നവരുടെ എണ്ണവും മുൻ വർഷത്തെ അപേക്ഷിച്ച് കുറവായിരുന്നു.

ഫല വൃക്ഷ, ഔഷധ സസ്യങ്ങൾക്കായിരുന്നു ഇത്തവണ ഡിമാൻഡ്. നട്ടതിന് ശേഷം അധികം കാത്തിരിക്കാതെ ഫലം ലഭിക്കുന്ന മരങ്ങളിലേക്കും ഔഷധ സസ്യങ്ങളിലേക്കുമായിരുന്നു ഇത്തവണത്തെ നടീൽ യജ്ഞം ശ്രദ്ധ പുലർത്തിയത്. തൈകളിലെ പതിവു താരങ്ങളായിരുന്ന തേക്ക്, ഈട്ടി, മഹാഗണി തുടങ്ങി വ്യാവസായിക ആവശ്യങ്ങൾക്ക് തടി ലഭിക്കുന്ന തൈകൾക്ക് ആവശ്യക്കാർ കുറവായിരുന്നുവെന്ന് സാമൂഹിക വനവത്കരണ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. നെല്ലി, അരിനെല്ലി, മാങ്കോ സ്റ്റീൻ, റം പുട്ടാൻ, നാരകം, കറിവേപ്പ്, മാതളനാരകം, രക്തചന്ദനം, നീർമരുത്, ആര്യവേപ്പ്, കുടംപുളി, ഞാവൽ, പേര തുടങ്ങിയവയാണ് ജനം എറ്റെടുത്ത സസ്യജാലകങ്ങളിൽ പ്രധാനപ്പെട്ടവ.

ഓൺലൈനിലൂടെ ബുക്ക് ചെയ്തവർക്ക് വിതരണം ചെയ്യാൻ 58 ലക്ഷം തൈകളാണ് സംസ്ഥാനത്ത് വനംവകുപ്പ് ഇക്കുറി തയ്യാറാക്കിയത്. വൻതോതിൽ തൈകൾ നൽകുന്നതിന് പകരം ആവശ്യക്കാർക്ക് ഏത് മരം, എത്ര വേണം എന്ന് അറിയിച്ചാൽ അതുമാത്രം നട്ടു വളർത്തി നൽകുമെന്നായിരുന്നു വനം വകുപ്പ് അധികൃതർ അറിയിച്ചിരുന്നത്. കഴിഞ്ഞ നവംബർ മുതലാണ് ഇവ നട്ടു പരിപാലിക്കാൻ തുടങ്ങിയത്. തൈ ഒന്നിന് 27 രൂപയാണ് പരിപാലനച്ചെലവ്.

കഴിഞ്ഞ 13 വർഷമായി ഒരു കോടി തൈകൾ വീതം എല്ലാ വർഷവും വിതരണം ചെയ്തു വരുന്നതായിരുന്നു രീതി. എന്നാൽ നട്ട മരങ്ങൾ പരിപാലിക്കുന്നതിൽ എല്ലാ ജില്ലകളും പിന്നാക്കം പോയെന്ന റിപ്പോർട്ട് സർക്കാരിന് ലഭിച്ചതോടെ കഴിഞ്ഞ വർഷം മുതലാണ് വിതരണം ചെയ്യുന്ന തൈകളുടെ എണ്ണം ചുരുക്കിയതും ബുക്കിംഗ് ഓൺലൈനിൽ മാത്രം നിജപ്പെടുത്തിയതും.

2022 ലെ പരിസ്ഥിതി ദിനത്തിൽ തൈകൾ ലഭിക്കുന്നതിനുള്ള ബുക്കിംഗ് ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ തുടങ്ങും. -harithakeralam.kcems.in

....,.....

'' പ്ലാസ്റ്റിക് കൂടുകളിൽ തൈകൾ വളർത്തി വിതരണം ചെയ്യുന്ന പതിവ് രീതി ഘട്ടംഘട്ടമായി ഒഴിവാക്കുകയാണ്. ഇത്തവണ 50 ശതമാനം തൈകളും ചകിരിക്കൂടകളിലാണ് നൽകിയത്. അടുത്ത തവണ 80 ശതമാനം തൈകൾ ഇത്തരത്തിൽ വിതരണം ചെയ്യും. ഈ പ്രാവശ്യം അധികം വന്ന തൈകൾ വനപ്രദേശങ്ങളിലും മറ്റു അനുയോജ്യ ഇടങ്ങളിലും നട്ട് സംരക്ഷിക്കും.

സി.കെ.ഹാബി, അസി. കൺസർവേറ്റർ,

സാമൂഹ്യ വനവത്കരണ വിഭാഗം, പത്തനംതിട്ട

Advertisement
Advertisement