കുതിരാൻ തുരങ്കം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ എട്ടിന് യോഗം

Sunday 06 June 2021 11:38 PM IST

തൃശൂർ: കുതിരാൻ തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ എട്ടിന് പ്രത്യേക യോഗം ചേരും. നിർമ്മാണ പുരോഗതി വിലയിരുത്താൻ കുതിരാൻ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

നിർമ്മാണത്തിലെ പോരായ്മകൾ മനസിലാക്കിയിട്ടുണ്ട്. കമ്പനി അധികൃതരും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ഒരു തുരങ്കമെങ്കിലും ഉടൻ തുറക്കാൻ നടപടി സ്വീകരിക്കും. കുതിരാൻ പഴയ റോഡിന്റെ വീതി ഒരു മീറ്റർ കൂട്ടുന്നത് പൂർത്തിയാകുന്നുണ്ടെന്നും ഇത് മഴക്കാലത്ത് ഗുണകരമാകുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. മന്ത്രി ആർ. ബിന്ദു, കളക്ടർ എസ്. ഷാനവാസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ എന്നിവരും സ്ഥലത്തെത്തി.

 ഉറപ്പുകൾ ബാക്കി

മേയ് അവസാനം ഒരു തുരങ്കം തുറക്കാമെന്ന് ദേശീയപാത അതോറിട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂല നൽകിയിരുന്നു. ഏപ്രിൽ 30ന് മുമ്പ് തുരങ്കമുൾപ്പെടെ ദേശീയപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. പക്ഷേ കൊവിഡ് വ്യാപനം കാരണം ഒരു മാസം കൂടി കരാർ കമ്പനി ആവശ്യപ്പെടുകയായിരുന്നു. നിർമ്മാണകരാർ ഒപ്പിട്ടിട്ട് ഇത് പന്ത്രണ്ടാം വർഷമാണ്.

Advertisement
Advertisement