കെ.എസ്.ആർ.ടി.സി വിടാതെ കർണാടകവും, പോര് തുടരും

Sunday 06 June 2021 11:55 PM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എന്ന പേരിനു വേണ്ടിയുള്ള അവകാശപ്പോര് ഉടനൊന്നും അവസാനിക്കില്ല. ട്രേഡ് മാർക്ക് ഒഫ് രജിസ്ട്രിയുടെ ഉത്തരവ് കേരള ട്രാൻസ്പോ‌ർട്ട് കോർപറേഷന് അനുകൂലമാണെങ്കിലും അതിനെതിരെ കർണാടകം ഹൈക്കോടതിയെ സമീപിച്ചേക്കും. പോര് രമ്യതയിൽ തീരണമെങ്കിൽ സെക്രട്ടറി തലത്തിലോ മന്ത്രിതലത്തിലോ ചർച്ച വേണ്ടി വരും.

കർണ്ണാടകവുമായി നിയമപോരാട്ടം തുടരാൻ താത്പര്യമില്ല. അതേസമയം, പേരിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്നുമാണ് കെ.എസ്.ആർ.ടി.സി മേധാവി ബിജു പ്രഭാകറിന്റെ നിലപാട്. ഓൺലൈനിൽ ടിക്കറ്റിനായി സെർച്ച് ചെയ്യുമ്പോൾ,​ കെ.എസ്.ആർ.ടി.സി എന്ന ഡൊമെയ്ൻ കർണാടകത്തിന്റേതായതിനാൽ ടിക്കറ്റ് മുഴുവൻ അവർക്കാണ് പോകുന്നത്. ലാഭകരമായിട്ടുള്ള അന്തർ സംസ്ഥാന സർവ്വീസുകൾ ബംഗളൂരുവിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത് കാരണം കർണാടകത്തിനാണ് ആ ഇനത്തിൽ കൂടുതൽ വരുമാനം. അതുകൊണ്ട് KSRTC.IN , KSRTC.ORG, KSRTC.COM എന്നീ ഡൊമെയ്‌നുകളുടെ ഉടമസ്ഥാവകാശം രജിസ്ട്രാർ ഒഫ് ട്രേഡ്മാർക്‌സിന്റെ ഉത്തരവ് പ്രകാരം കേരളത്തിന് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുമെന്നും ബിജു പ്രഭാകർ അറിയിച്ചു.

അതേസമയം, ഉത്തരവ് കേരളത്തിന് അനുകൂലമാണെന്ന പ്രചാരണം ശരിയല്ലെന്നാണ് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാദം.

സെൻട്രൽ ട്രേഡ് മാർക്ക് രജിസ്ട്രിയിൽ നിന്ന് അറിയിപ്പോ ഉത്തരവോ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ എം.ഡി ശിവയോഗി സി. കലാസാദ് അറിയിച്ചു.

''അപ്പീലുകളിൽ അന്തിമ ഉത്തരവൊന്നും പാസാക്കിയിട്ടില്ല. കർണാടകത്തിന് കെ.എസ്.ആർ.ടി.സി എന്ന് ഉപയോഗിക്കാൻ കഴിയില്ലെന്ന വാർത്തകൾ തെറ്റാണ്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ട്രേഡ്മാർക്ക് 'കെ.എസ്.ആർ.ടി.സി' ഉപയോഗിക്കുന്നതിനെതിരെ നിയമപരമായ നിരോധനമില്ലെന്നും അദ്ദേഹം അറിയിച്ചു