വലിയപറമ്പയിൽ തെങ്ങിനെയും വിടാതെ ആഫ്രിക്കൻ ഒച്ചുകൾ

Tuesday 08 June 2021 12:07 AM IST
വലിയപറമ്പയിലെ തെങ്ങുകൾക്ക് ഭീഷണിയായ ആഫ്രിക്കൻ ഒച്ച്

തൃക്കരിപ്പൂർ: വലിയപറമ്പയിലെ കേരകർഷകർക്ക് ഭീഷണിയായിക്കൊണ്ട് ആഫ്രിക്കൻ ഒച്ചിന്റെ ആക്രമണം. അടുത്ത കാലത്തായാണ് കവ്വായി കായലോരത്ത് വ്യാപകമായി ഇവയുടെ ശല്യം വർദ്ധിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. കറുപ്പും തവിട്ടു നിറവും കട്ടിയുള്ള പുറംതോടുമുള്ള ഈ ജീവി തെങ്ങിൽ കയറിപ്പറ്റിയാൽ അധികം താമസിയാതെ തെങ്ങിന്റെ മണ്ട തിന്നു നശിപ്പിക്കുകയാണെന്ന് തീരദേശ വാസികൾ പറയുന്നു.

വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ പടന്നക്കടപ്പുറം കവ്വായി കായലിനു സമീപത്തുള്ള തെങ്ങുകളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. പടന്നക്കടപ്പുറത്തെ വി.കെ. കുഞ്ഞുട്ടിയുടെ നൂറ്റമ്പതോളം തെങ്ങുകളിൽ ഒച്ച് ബാധിച്ചിട്ടുണ്ട്. കൂടാതെ പരിസരങ്ങളിലെ തെങ്ങുകളിലും ഇവയുടെ ആക്രമണം വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് കർഷകർ പറയുന്നു. ഇവയുടെ ആക്രമണത്തിൽ നിന്നും തെങ്ങുകളെ എങ്ങിനെ രക്ഷപ്പെടുത്താൻ കഴിയുമെന്ന അന്വേഷണത്തിലാണ് കർഷകർ.

കിഴക്കൻ ആഫ്രിക്കൻ സ്വദേശി; വിളകളുടെ അന്തകൻ

കിഴക്കൻ ആഫ്രിക്കയിൽ നിന്നാണ് ഇവ മറ്റു രാജ്യങ്ങളിലേക്ക് പടർന്നത്. അക്കാറ്റിന ഫുലിക്ക (achattina fulica) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ ഒച്ച് തെങ്ങിൻ തടിയിൽ പറ്റിയിരിക്കുകയും പെട്ടെന്ന് തന്നെ വ്യാപിക്കുകയും ചെയ്യുന്നു. തെങ്ങുകൾക്ക് പുറമേ വാഴ, റബർ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറി എന്നീ വിളകൾക്കും ആഫ്രിക്കൻ ഒച്ച് ഭീഷണിയാണ്. മഴക്കാലം ഇവയുടെ പ്രജനന കാലമായതിനാൽ കടുത്ത ആശങ്കയിലാണ് കർഷകർ. ഒരു ഒച്ച് 500 മുതൽ 900 വരെ മുട്ടകൾ ഇടുമെന്നാണ് കണക്ക്. ഇത് കൃഷിയിടത്തിൽ ഒച്ച് പെട്ടെന്ന് പെരുകാൻ കാരണമാകും. ശാസ്ത്രീയ മാർഗങ്ങളിലൂടെ ഇവയെ നിയന്ത്രിച്ച്‌ നിർത്തേണ്ടത് അത്യാവശ്യമാണെന്നാണ് വിദഗ്ദ്ധരുടെ നിർദ്ദേശം .

Advertisement
Advertisement