ശനിയും ഞായറും സമ്പൂർണ ലോക്ക്‌‌ഡൗൺ,​ സ്റ്റേഷനറി,​ തുണിക്കടകൾ ജൂൺ 11ന് മാത്രം തുറക്കാം

Monday 07 June 2021 10:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്ന്‌ കൊവിഡ്‌ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.. ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടിയ സാഹചര്യത്തിലാണ് നടപടി. കോവിഡ്‌ വ്യാപന തോത്‌ പ്രതീക്ഷിച്ച തോതിൽ കുറയാത്തതിനെ തുടർന്നാണ് ലോക്ക്ഡൗൺ 16 വരെ നീട്ടിയിരിക്കുന്നതെന്നും എല്ലാ പരീക്ഷകളും ജൂൺ 16 ശേഷം മാത്രമേ ആരംഭിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ (പാക്കേജിംഗ് ഉൾപ്പെടെ), നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക്‌ ജൂൺ 16 വരെ പ്രവർത്തനാനുമതി നൽകും. ബാങ്കുകൾ നിലവിലുള്ളതുപോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.

സ്‌റ്റേഷനറി, ജുവലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്‌റ്റിക്കൽസ്‌ തുടങ്ങിയ കടകൾക്ക്‌ ജൂൺ 11ന്‌ ഒരു ദിവസം മാത്രം രാവിലെ 7 മുതൽ വൈകീട്ട്‌ 7 വരെ പ്രവർത്തനാനുമതി നൽകും. വാഹന ഷോറൂമുകൾ മെയിന്റനൻസ്‌ വർക്കുകൾക്ക്‌ മാത്രം ജൂൺ 11ന്‌ തുറക്കാവുന്നതാണ്‌. മറ്റ്‌ പ്രവർത്തനങ്ങളും വില്പനയും അനുവദിക്കില്ല.

സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, കമ്മീഷനുകൾ തുടങ്ങിയവ ജൂൺ 17 മുതൽ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കും.

സ്വകാര്യ ആശുപത്രികൾക്ക്‌ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക്‌ വേണ്ട സഹായം നൽകും. അതാത്‌ ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്‌സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്താൻ മുഖ്യമന്ത്രി നിദ്ദേശിച്ചു.

Advertisement
Advertisement