ഗോകുലം പ്രതിരോധനിരയിലേക്ക് ഈ നിലമ്പൂരുകാരനും

Wednesday 09 June 2021 12:26 AM IST
മുഹമ്മദ് ഉവൈസ്

കോഴിക്കോട് : ഗോകുലം കേരള എഫ്.സി യുടെ പ്രതിരോധം കാക്കാൻ ഒരു മലയാളി താരം കൂടി. നിലമ്പൂരിൽ നിന്നുള്ള മുഹമ്മദ് ഉവൈസാണ് പുതുതായി ടീമിലെത്തിയത്. 22 കാരനായ ഉവൈസ് കഴിഞ്ഞ സീസണിൽ കെ.എസ്.ഇ.ബിക്ക് വേണ്ടി കേരള പ്രീമിയർ ലീഗിൽ കളിച്ചിരുന്നു.

ലെഫ്റ്റ് സെൻട്രൽ ബാക്കായി കളിക്കുന്ന ഉവൈസ് ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ബംഗളൂരു യുണൈറ്റഡ് എഫ്.സി ക്കും എഫ്.സി കേരളയ്ക്കും വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ബംഗളൂരു സൂപ്പർ ഡിവിഷനിൽ ഓസോൺ എഫ്.സി യുടെ നായകനുമായിരുന്നു.

കേരള പ്രീമിയർ ലീഗിൽ കെ.എസ്.ഇ.ബി യെ ഫൈനലിൽ വരെ എത്തിച്ചതിൽ മുഖ്യപങ്കുണ്ട് ഉവൈസിന്. എം.എസ്.പി അക്കാഡമിയിലൂടെ വളർന്ന ഉവൈസ്, ഭാരത് എഫ്.സി, സുദേവ, മോഹൻ ബഗാൻ എന്നിവർക്കും വേണ്ടി അക്കാഡമി തലത്തിൽ കളിച്ചിട്ടുമുണ്ട്.

ഗോകുലം ടീമിലെത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ഉവൈസ് പറഞ്ഞു. യുവാക്കൾക്കു അവസരം കൊടുക്കുന്ന ക്ലബ്ബാണ് ഗോകുലം. ടീമിന് കൂടുതൽ ട്രോഫികൾ നേടാൻ കഴിയണമെന്ന ആഗ്രഹമാണ്.

ഉവൈസിനെ പോലെ വളർന്നു വരുന്ന താരങ്ങൾക്കു അവസരം കൊടുക്കുക എന്നത് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.

Advertisement
Advertisement